പോക്സോ കേസ്; അതിഥി തൊഴിലാളിക്ക് ആറുവർഷം കഠിനതടവ്
text_fieldsകരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ കേസിൽ അതിഥി തൊഴിലാളിക്ക് ആറുവർഷവും ഒരു മാസവും കഠിനതടവും 40000 രൂപ പിഴയും ശിക്ഷിച്ചു. സൗത്ത് ഡൽഹി ശാന്തവിഹാർ മന്തൻപൂർ ജെ.ജെ കോളനി 1130ൽ അബ്ദുൽ ഷമീം (29)നെയാണ് ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും ശിക്ഷയിൽ പറയുന്നു. കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ ആണ് ശിക്ഷവിധിച്ചത്. വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീടിന് മുറ്റത്ത് പ്രതി ആക്രി പെറുക്കി കൊണ്ടു നിന്നപ്പോൾ സമീപത്തേക്ക് ചെന്ന കുട്ടിയെ തടഞ്ഞു നിർത്തി ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയതായാണ് കേസ്. സംഭവ സമയം കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്ഥലത്തുനിന്നും കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് എസ്.ഐ ഷെമീറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകൾ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരണാണ് ആറു വർഷം തടവുശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി പ്രേമചന്ദ്രൻ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.