ഏഴ് വയസ്സുകാരിയായ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവിന് 25 വർഷം തടവും പിഴയും
text_fieldsകരുനാഗപ്പള്ളി: ഏഴ് വയസ്സുകാരിയായ സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 25 വർഷം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും. കരുനാഗപ്പള്ളി പോക്സോ കോടതി സ്പെഷൽ ജഡ്ജി എ. ഷാജഹാനാണ് വിധി പ്രസ്താവിച്ചത്. ചവറ തേവലക്കര സ്വദേശി ഹാരിസ് എന്ന ജാരിസിനെയാണ് (35) കോടതി ശിക്ഷിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
2018 സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വൈകീട്ട് സ്കൂൾ ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സാഹചര്യത്തെളിവുകളെല്ലാം കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായിരുന്നു.
ബലാത്സംഗത്തിനുശേഷം റോഡിൽ ഇറക്കിവിട്ട പെൺകുട്ടിയെ സമീപവാസിയായ വീട്ടമ്മ കാണുകയും സ്കൂൾ ഐ.ഡി കാർഡിൽനിന്ന് ലഭിച്ച നമ്പർ വഴി വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. ഇൗ വീട്ടമ്മയും പെൺകുട്ടിയുടെ വീട്ടുകാരും ശക്തമായ സമ്മർദങ്ങളെ അതിജീവിച്ചാണ് കോടതിയിൽ കേസിന് അനുകൂലമായ മൊഴി നൽകിയത്. ചവറ, തേവലക്കര, തെക്കുംഭാഗം പ്രദേശങ്ങളിലായുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
നാലുതവണ കാപ കേസിൽ ജയിലിലായിരുന്നു. നിലവിൽ ഇരുപതോളം കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. പല കേസുകളിലും സാക്ഷികളെ ഭീഷണിപ്പെടുത്തി കോടതിയിൽ മൊഴി മാറ്റിപ്പറയിപ്പിച്ച് ശിക്ഷയിൽനിന്ന് രക്ഷപ്പെട്ടുപോരുന്ന ശൈലിയാണ് ഇയാൾക്കുണ്ടായിരുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ജയകുമാർ രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.