ചെറുമകൾക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 62 വർഷം തടവ്
text_fieldsകരുനാഗപ്പള്ളി: 15കാരിയായ ചെറുമകളെ ലൈംഗികമായി നിരന്തരം ഉപദ്രവിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിക്ക് 62 വർഷം തടവും രണ്ടരലക്ഷം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ രണ്ടരവർഷംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് കൈമാറണമെന്ന് വിധി ന്യായത്തിൽ പറയുന്നു.
കരുനാഗപള്ളി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
പ്രതിയുടെ ചെറുമകളായ അതിജീവിത പ്രതിയുടെ പൂർണമായ സംരക്ഷണത്തിൽ കഴിയുന്ന സമയമാണ് കുറ്റകൃത്യം നടത്തിയത്.
മാതാവിന്റെ സുഹൃത്തിൽനിന്ന് ലൈംഗിക അതിക്രമം ഉണ്ടായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിക്കെതിരെ മൊഴി നൽകിയത്.
പ്രതി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചു. മതിയായ തെളിവുകൾ പൊലീസിന് ലഭിച്ചതുപ്രകാരമാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടറായിരുന്ന പി. വിനോദ്, സബ് ഇൻസ്പെക്ടറായിരുന്ന നിയാസ് എന്നിവരാണ് കേസന്വേഷിച്ചത്.
പ്രോസിക്യൂഷനെതിരെ അതിജീവിതയുടെ മാതാവ് മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. ചന്ദ്രൻ ഹാജരായി. എ.എസ്.ഐ മഞ്ജു പ്രോസിക്യൂഷൻ സഹായിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.