കരുനാഗപ്പള്ളിയിൽ പകർച്ചപ്പനി വ്യാപകം
text_fieldsകരുനാഗപ്പള്ളി: മേഖലയിൽ പകർച്ചപ്പനി വ്യാപകമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യം ശക്തമായി. താലൂക്കാശുപത്രി ഉൾപ്പെടെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. രോഗബാധിതരിൽ 70 ശതമാനത്തിലധികവും ശരിയായ സമയത്ത് ചികിത്സ തേടാതിരിക്കുന്നത് വെല്ലുവിളിയാണെണ് ആരോഗ്യ പ്രവർത്തകർ പറയുന്നു.
ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങളോടെ തുടങ്ങുന്ന പനിക്ക് മറ്റ് ഗുരുതര ശാരീരിക അസ്വസ്ഥകളില്ലാത്തതിനാൽ പലരും ആദ്യഘട്ടത്തിൽ സ്വയം ചികിത്സ നടത്തുന്നതാണ് പതിവ്. പ്രതിരോധശേഷി കുറഞ്ഞവരിൽ ശ്വാസതടസ്സം, ന്യുമോണിയ എന്നിവക്ക് കാരണമായേക്കാവുന്ന പനിയെക്കുറിച്ച് ഗ്രാമവാസികളിൽ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾപോലും ആരോഗ്യവകുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല.
പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലാണ് പനി ബാധിതരായ ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തുന്നത്. ഇവിടെ രോഗികളുടെ സ്രവ പരിശോധനക്കുപോലും സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞദിവസം പനി ബാധിതയായ ചെറിയഴീക്കൽ സ്വദേശിനിയുടെ മരണം എച്ച് വൺ -എൻ വൺമൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന 39 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഏഴുപേർക്കാണ് രോഗബാധ കണ്ടെത്തിയത്.
എച്ച് വൺ എൻ വൺ പരിശോധനക്കായി സ്രവം ശേഖരിക്കാനോ ലാബിലേക്ക് അയക്കാനോ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സംവിധാനങ്ങളില്ലാത്ത് വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.