സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവാർഡ്; ഇരട്ട നേട്ടത്തിൽ കരുനാഗപ്പള്ളി
text_fieldsകരുനാഗപ്പള്ളി: 2023ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ ലഭിച്ച രണ്ട് അവാർഡുകളും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്. സംസ്ഥാനത്തെ ഏറ്റവും മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥശാലക്കുള്ള പി. രവീന്ദ്രൻ പുരസ്കാരം ചവറ ഒ.എൻ.വി പാസ്ക് ഗ്രന്ഥശാല നേടി. പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കുള്ള എൻ. ഇ. ബലറാം പുരസ്കാരം തുറയിൽകുന്ന് കുമാരനാശാൻ ഗ്രന്ഥശാല കരസ്ഥമാക്കി.
10 വർഷത്തിനുള്ളിൽ നൂറോളം ഗ്രന്ഥശാലകളാണ് താലൂക്കിൽ പ്രവർത്തനമാരംഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലകൾ താലൂക്കിലാണുള്ളത്. 11 ഗ്രന്ഥശാലകൾ എ.പ്ലസ് ഗ്രേഡ് നേടി. കേരളത്തിലാദ്യമായി അതിജീവനത്തിന് പെൺവായന എന്ന സർഗാത്മക സ്ത്രീ ശാക്തീകരണ പദ്ധതി നടപ്പിലാക്കി. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാന ജാഥയിൽ 10 ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ ശേഖരിച്ച് അഗതിമന്ദിരങ്ങൾക്കു കൈമാറി.
സംസ്ഥാനത്ത് ആദ്യമായി ഗ്രന്ഥശാലാ പ്രവർത്തകർക്കായി ലൈബ്കോസ് എന്ന പേരിൽ സഹകരണ സംഘം നവീകരിച്ച് വിജയകരമായി പ്രവർത്തിച്ചു വരുന്നു. വിഷൻ 2025 എന്ന പദ്ധതിയും നടപ്പാക്കി വരുന്നു. കൂടുതൽ കരുത്തോടെയും സർഗാത്മകമായും ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഊർജമാണ് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങളെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി. ശിവനും സെക്രട്ടറി വി. വിജയകുമാറും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.