തഴയുടെ പ്രതാപം വീണ്ടെടുക്കാൻ മാതൃഭാവന
text_fieldsകരുനാഗപ്പള്ളി: തഴയുടെ പേരിൽതന്നെ അറിയപ്പെടുന്ന തഴവയുടെ പൂർവകാല പ്രതാപത്തെ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലൂടെ ശ്രദ്ധേയമാവുകയാണ് തഴവ മണപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാതൃഭാവന കുടുംബശ്രീ യൂനിറ്റ്. പതിറ്റാണ്ടുകൾക്ക് മുമ്പ് പഞ്ചായത്തിലെ ഏകദേശം 75 ശതമാനം കുടുംബങ്ങളും ഉപജീവനം നടത്തിയിരുന്നത് തഴപ്പായ നിർമാണത്തിലൂടെയായിരുന്നു.
പ്രത്യേകിച്ച് അക്കാലത്ത് സ്ത്രീകളെ സാമ്പത്തിക രംഗത്ത് സ്വയം പര്യാപ്തരാക്കി നിലനിർത്തിയിരുന്നതിലും തഴപ്പായ വ്യവസായത്തിന് മുഖ്യപങ്കാണുണ്ടായിരുന്നത്. എന്നാൽ, മെത്തപ്പായ നിർമാണത്തിന് അസംസ്കൃത വസ്തുവായ കൈതക്ക് ദൗർലഭ്യം നേരിട്ടതും കശുവണ്ടി, കയർ, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവിടങ്ങളിലേക്ക് സ്ത്രീകൾ കുടിയേറ്റം നടത്തിയതും തഴപ്പായ വ്യവസായത്തിന്റെ നാശത്തിന് കാരണമായി.
എന്നാൽ, സാമൂഹിക ചരിത്രത്തിൽ തഴവയെ തലയുയർത്തി നിർത്തിയ തഴപ്പായ വ്യവസായത്തെ ആധുനികവത്കരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ മാതൃഭാവന കുടുംബശ്രീ യൂനിറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് വിവിധതരത്തിലുള്ള ആകർഷകമായ കരകൗശല വസ്തുക്കൾ തഴയിൽ തീർക്കുന്ന ഇവർ നേരത്തെതന്നെ പൊതുശ്രദ്ധ നേടിയിരുന്നു. മെത്തപ്പായ, ബാഗ്, ടീ കോസ്റ്റർ, ടേബിൾ മാറ്റ്, വിവിധതരം പഴ്സുകൾ, വാനിറ്റി ബാഗുകൾ, തൊപ്പികൾ, ചെരുപ്പ്, വൈൻ ബോട്ടിൽ, ബെൽറ്റ്, ഡോർ കർട്ടനുകൾ, ഗ്ലാസുകൾ, തഴ നാഴികൾ തുടങ്ങി വിവിധതരത്തിലുള്ള കരകൗശല വസ്തുക്കളും അവശ്യസാധനങ്ങളുമാണ് ഇവർ നിർമിച്ച് വിൽപന നടത്തുന്നത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽനിന്നായി നിരവധി ആവശ്യക്കാരാണ് ഇപ്പോൾ ഇവരെ തേടിയെത്തുന്നത്. 2000 മാർച്ച് മാസത്തിലാണ് മാതൃഭാവന കുടുംബശ്രീ യൂനിറ്റിന് തുടക്കം കുറിച്ചത്. തുടക്കത്തിൽ കുടുംബശ്രീ അയൽക്കൂട്ടം യൂനിറ്റായി പ്രവർത്തിച്ചു വന്ന യൂനിറ്റ് പിന്നീട് തൊഴിൽ സംരംഭങ്ങളിലും കൈവെക്കുകയായിരുന്നു.
ഗ്രാമത്തിന്റെ തനത് ഉൽപന്നമായ തഴപ്പായ ഉപയോഗിച്ചുള്ള വ്യവസായത്തിന് നേതൃത്വം കൊടുത്തതോടെ സ്ത്രീശാക്തീകരണമെന്നത് കർമപഥത്തിൽ പ്രായോഗികമാക്കുകയായിരുന്നു.
രാജമ്മ പ്രസിഡൻറും ശോഭ സെക്രട്ടറിയും ഗീതാ തുളസി, മണി, ഗീത, അജിത, രോഹിണി എന്നിവർ അംഗങ്ങളായുമുള്ള യൂനിറ്റ് തൊഴിൽ മേഖലയിലേക്ക് തിരിഞ്ഞതോടെ സെക്രട്ടറി ശോഭയുടെ വീട് തന്നെ ഇവർ തൊഴിൽശാലയായി മാറ്റുകയായിരുന്നു.
ഭർത്താവും മകനും സംരംഭത്തിന് പിന്തുണ കൊടുത്തതോടെ വീടിന്റെ ഓരോ മുറികളും ഇപ്പോൾ വർക്ക്ഷോപ്പായാണ് പ്രവർത്തിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ശേഖരണവും ഉൽപന്നങ്ങൾക്ക് നിറം പിടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ജോലികൾ പരിമിതമായ സൗകര്യം മാത്രമുള്ള വീട് കേന്ദ്രീകരിച്ചാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കുടുംബശ്രീ മിഷൻ, സാമൂഹിക സംഘടനകൾ, സ്ഥാപനങ്ങൾ, ക്ഷേത്ര ഉത്സവ നഗരികൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കാനുള്ള മേളകളാണ് ഇവരുടെ മുഖ്യവിപണി. ഒരുവർഷം ശരാശരി രണ്ടര ലക്ഷം രൂപ വരെ വരുമാനം ലഭിക്കാറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു.
കുടുംബശ്രീ യൂനിറ്റുകളുടെ ഉൽപന്നങ്ങൾക്ക് വിപണന സാധ്യത ഉറപ്പുവരുത്തുന്നതിന് സർക്കാർതലത്തിൽ കൂടുതൽ മേളകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇവരിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.