12 പേർ മരിച്ച പുത്തൻതെരുവ് ടാങ്കർ ദുരന്തം: 13 വർഷത്തിനുശേഷം ടാങ്കർ പാതയോരത്തുനിന്ന് മാറ്റി
text_fieldsകരുനാഗപ്പള്ളി: 2009ൽ നാടിനെ നടുക്കിയ പുത്തൻതെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിെന്റെ ബാക്കിപത്രമായി ദേശീയപാതയോരത്ത് കിടന്നിരുന്ന ഗ്യാസ് ടാങ്കറും ലോറിയുടെ ക്യാബിനും 13 വർഷത്തിനുശേഷം നീക്കംചെയ്തു. പഴയ ദേശീയപാതയ്ക്ക് കുറുകെ തടസ്സമായി കിടന്ന ഗ്യാസ് ടാങ്കർ നീക്കംചെയ്യണമെന്നത് പ്രദേശത്തിന്റെ ജനകീയ ആവശ്യമായിരുന്നു.
ഇതിനായി ഒട്ടനവധി നിവേദനങ്ങൾ സമർപ്പിക്കലും പ്രതിഷേധ സമരങ്ങളും നടന്നിരുന്നു. എന്നാൽ ദുരന്തവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിൽക്കുന്നതിനാൽ ടാങ്കർ മാറ്റാൻ കഴിയില്ലെന്ന നിലപാടായിരുന്നു അധികൃതരുടേത്. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതർ മുൻകൈയെടുത്താണ് ഇപ്പോൾ ടാങ്കർ നീക്കാൻ നടപടി സ്വീകരിച്ചത്. ചവറ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലേക്കാണ് മാറ്റുക.
2009 ഡിസംബർ 31ന് പുലർച്ചെ നാലോടെയായിരുന്നു പാചകവാതകവുമായി വന്ന ടാങ്കറും വാഗണർ കാറും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ക്യാബിനിൽനിന്നും ടാങ്കർ മറിഞ്ഞ് പാചകവാതകം ചോർന്ന് തീ പിടിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ ചവറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാർ, അഗ്നിരക്ഷാ സേനാ അംഗം, നാട്ടുകാരായ രക്ഷാപ്രർത്തകർ ഉൾപ്പെടെ 12 പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. തീയണക്കാൻ 14 മണിക്കൂർ വേണ്ടിവന്നു. പുത്തൻതെരുവും പരിസരപ്രദേശവും അന്ന് വിറങ്ങലിച്ച് ഭീതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.