തഴവക്ക് അഭിമാനമായി ആദിത്യവിലാസം സ്കൂൾ
text_fieldsകരുനാഗപ്പള്ളി: തഴവയുടെ അഭിമാനമായി ആദിത്യവിലാസം ഗവ. ഹൈസ്കൂൾ. സംസ്ഥാനത്ത് അഞ്ചാമത്തെ മികച്ച പി.ടി.എക്കുള്ള അവാർഡിന് സ്കൂൾ അർഹമായി. ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും ലഭിക്കും. 1915 ൽ ആദിത്യൻപോറ്റി നൽകിയ ഭൂമിയിൽ അദ്ദേഹത്തിെൻറ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയം പാഠ്യ, പാഠ്യേതര രംഗങ്ങളിലും ഭൗതികസാഹചര്യങ്ങളുടെ വികസനത്തിലും കൈവരിച്ച നേട്ടങ്ങളാണ് അവാർഡിന് അർഹമാക്കിയത്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ആകെ എഴുതിയ 296 കുട്ടികളിൽ 292 പേരും വിജയിച്ചു.
തോറ്റ നാലുപേർ സേ പരീക്ഷ എഴുതി വിജയിച്ചതോടെ നൂറു ശതമാനം വിജയം സ്കൂൾ കൈവരിച്ചു. 67 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡും 28 പേർ ഒമ്പത് വിഷയങ്ങൾക്കും എ പ്ലസും നേടി സ്കൂൾ ചരിത്രം ആവർത്തിച്ചു.
സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി മൂന്നരക്കോടി രൂപ ചെലവിൽ 21 ക്ലാസ് മുറികളുള്ള രണ്ട് ബഹുനിലമന്ദിരം നിർമിച്ചു. ഇതിൽ ഒന്നിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു കഴിഞ്ഞു. മറ്റൊരു കെട്ടിടത്തിെൻറ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. തഴപ്പായ്, കശുവണ്ടി, നിർമാണമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും സാധാരണക്കാരായവരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
1,600 കുട്ടികൾ പഠിക്കുന്ന സ്കൂൾ മികവിലാണ്. ക്ലാസുകളെല്ലാം ഇൻറർനെറ്റ് സംവിധാനത്തോടെ ഹൈടെക് നിലവാരത്തിലുള്ളവയാണ്. സ്കൂൾ കലോത്സവത്തിൽ ഉപജില്ലതലത്തിൽ തുടർച്ചയായി 34ാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ് സ്കൂളിെൻറ കൈയിലാണ്. ചിട്ടയായ പ്രവർത്തനം, കലാ-കായിക മേഖലയിലെയും പാഠ്യ-പാഠ്യേതര മേഖലയിലുമുള്ള ശ്രദ്ധേയമായ പ്രവർത്തങ്ങൾക്കുമുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ഹെഡ്മാസ്റ്റർ ആർ. സുനിൽകുമാർ, പി.ടി.എ പ്രസിഡൻറ് കെ. സതീശൻ, എസ്.എം.സി ചെയർമാൻ ജി. അനിൽകുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.