തഴവ ദുരിതാശ്വാസ അഭയകേന്ദ്രം നാടിന് സമർപ്പിച്ചു
text_fieldsകരുനാഗപ്പള്ളി: പ്രകൃതിക്ഷോഭങ്ങളിൽപെടുന്നവർക്ക് അഭയമാകാൻ തഴവയിൽ നിർമിച്ച ജില്ലയിലെ ആദ്യത്തെ ദുരിതാശ്വാസ അഭയകേന്ദ്രം തഴവയിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നാടിന് സമർപ്പിച്ചു. ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക ഉപയോഗിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ദുരിതാശ്വാസ കേന്ദ്രം നിർമിച്ചത്. സംസ്ഥാനത്ത് അനുവദിച്ച 14 കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെ കേന്ദ്രമാണിത്. ഒഡിഷയിൽ നിർമിച്ച ചുഴലിക്കാറ്റ് ഷെൽട്ടറുകളുടെ മാതൃകയിലാണ് കേരളത്തിലും പദ്ധതി നടപ്പാക്കിയത്. കരുനാഗപ്പള്ളി എം.എൽ.എ ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 3.5 കോടി രൂപ ചെലവിൽ നിർമിച്ച 10,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ ആയിരത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതു അടുക്കള, ജനറേറ്റർ സംവിധാനം, കുട്ടികൾക്കുള്ള സൗകര്യങ്ങൾ, 15 ഓളം ശൗചാലയങ്ങൾ, മൂന്ന് ഹാൾ, സ്റ്റോർ റൂമുകൾ, കളിസ്ഥലം എന്നിവയും ഷെൽട്ടറിൽ ഉണ്ട്.
തഴവ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും വില്ലേജ് ഓഫിസർ കൺവീനറും പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായുള്ള മാനേജ്മെൻറ് കമ്മിറ്റിക്കാണ് പരിപാലന ചുമതല. സ്ഥാപനത്തിെൻറ പൂർണ നിയന്ത്രണം ജില്ല ദുരന്തനിവാരണ അതോറിറ്റിക്കാണ്. ദുരന്തങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സ്ഥിരമായല്ലാത്ത കലാ-സാംസ്കാരിക പരിപാടികൾ, പരിശീലനങ്ങൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കും മാനേജ്മെൻറ് കമ്മിറ്റിയുടെ അനുമതിയോടെ കെട്ടിടം ഉപയോഗിക്കാം.
ഷെൽട്ടർ മാനേജ്‌മെൻറ്, തിരച്ചിലും രക്ഷാപ്രവർത്തനവും പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് തുടങ്ങി നാലുതരം എമർജൻസി റെസ്‌പോൺസ് ടീമുകൾക്ക് ഇവിടെ പരിശീലനം നൽകും. ഇതിനായുള്ള അംഗങ്ങളെ പഞ്ചായത്തുതല സമിതിയാണ് തെരഞ്ഞെടുക്കുക. ജില്ല കലക്ടർ ബി. അബ്ദുൽ നാസർ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സദാശിവൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗം ഗേളി ഷൺമുഖൻ, തഴവാ ഗ്രാമ പഞ്ചായത്തംഗം ഷൈലജ, അഡ്വ. അമ്പിളിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ശ്രീലത, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.