മാരാരിത്തോട്ടത്ത് അടച്ചുപൂട്ടിയ റെയിൽവേ ഗേറ്റ് തുറന്നു
text_fieldsകരുനാഗപ്പള്ളി: തൊടിയൂർ മാരാരിത്തോട്ടം റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേയുടെ നടപടി പിൻവലിച്ച് ഗേറ്റ് പുനഃസ്ഥാപിക്കാൻ നടപടികൾ തുടങ്ങി. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പുനഃസ്ഥാപിക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ ഗേറ്റ് തുറന്നു.
നിരവധി വർഷങ്ങളിലായി പ്രദേശവാസികൾ ഉപയോഗിച്ചുകൊണ്ടിരുന്നതും മാരാരിത്തോട്ടം മഹാദേവക്ഷേത്രത്തിലെ കെട്ടുകാഴ്ചകൾ ഉൾപ്പെടെ കടന്നുപോയിക്കൊണ്ടിരുന്നതുമായ ഗേറ്റാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചശേഷം പൂർണമായി അടച്ചുപൂട്ടാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. തുടർന്ന് പ്രതിഷേധവുമായി ജനം രംഗത്തുവന്നു.
റെയിൽവേ ഡിവിഷണൽ മാനേജർ ഉൾപ്പെടെയുള്ളവരുമായി എ.എം. ആരിഫ് എം.പി നടത്തിയ ഇടപെടലാണ് ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. എ.എം. ആരിഫ് എം.പി ഉൾപ്പെടെ ജനപ്രതിനിധികൾ ബുധനാഴ്ച സ്ഥലത്തെത്തി.
മാരാരിത്തോട്ടം ക്ഷേത്രത്തിന് മുന്നിൽ നേരത്തെ ഉണ്ടായിരുന്ന ആളില്ലാ ലെവൽ ക്രോസിന്റെ ഭാഗത്ത് അണ്ടർ പാസേജ് സ്ഥാപിക്കാനുള്ള സാധ്യതകളുൾപ്പെടെ പരിശോധിക്കുമെന്നും അമൃത് പദ്ധതിയിൽ കായംകുളം, ആലപ്പുഴ സ്റ്റേഷനുകൾക്ക് പിന്നാലെ കരുനാഗപ്പള്ളിയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച അടിയന്തരയോഗം ഉടൻ വിളിക്കുമെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.