മാളിയേക്കൽ റെയിൽവേ മേൽപാലം ജൂൺ ആദ്യവാരം തുറക്കും
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി-മാളിയേക്കൽ ജങ്ഷൻ റെയിൽവേ മേൽപാലം ജൂൺ ആദ്യവാരത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇതോടെ കരുനാഗപ്പള്ളിയിൽനിന്ന് കിഴക്കൻമേഖലയിലേക്കുള്ള ഗതാഗതതടസ്സത്തിന് പൂർണവിരാമമാവും.
കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ ജങ്ഷൻ റെയിൽവേ ലെവൽക്രോസിന് കുറുകെ 546 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമായി 2021 മാർച്ച് മാസത്തിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. തൊടിയൂർ, തഴവ, ശൂരനാട്, ഭരണിക്കാവ്, ശാസ്താംകോട്ട തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഈ പാലം ആശ്വാസമാകുന്നത്.
കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് റെയിൽവേ മേൽപാലമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ലെവൽ ക്രോസ്, മാളിയേക്കൽ റെയിൽവേ ലെവൽ ക്രോസ് എന്നിവിടങ്ങളിൽ ഗേറ്റ് അടഞ്ഞുകിടന്നതുകൊണ്ടുമാത്രം യഥാസമയം ചികിത്സ കിട്ടാതെ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആറോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കിഫ്ബി ഫണ്ടിൽ നിന്ന് 33.04 കോടി രൂപ െചലവഴിച്ചാണ് പാലത്തിെന്റ നിർമാണം. റെയിൽവേ ഭാഗം ഒഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും രണ്ട് അബട്ട്മെന്റുമാണുള്ളത്.
ഇതിന്റെയെല്ലാം നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിൽ നിർമിക്കുന്ന ആദ്യമേൽപാലങ്ങളിൽ ഒന്നാണിത്. പുറെമ ഇരുവശത്തും സർവിസ് റോഡുകളുമുണ്ട്. മേൽപാല നിർമാണം േമയ് 30 ഓടെ പൂർത്തീകരിക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്ന മുറക്ക് ജൂൺ ആദ്യവാരം ഉദ്ഘാടനം നടത്തി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.