സൂനാമി സ്മൃതി മണ്ഡപത്തിൽ അവർ ഒത്തുകൂടി; പ്രിയപ്പെട്ടവരുടെ ഓർമകളുമായി
text_fieldsഓച്ചിറ/കരുനാഗപ്പള്ളി: : 2004 ഡിസംബർ 26ന് സൂനാമി തിരമാലകൾ കവർന്നെടുത്ത ഉറ്റവരുടെ ഓർമകളുമായി അവർ ഒത്തുകൂടി. വേലിയേറ്റമെന്ന് കരുതിയ തിരമാല സൂനാമിയായി മാറിയപ്പോൾ ആലപ്പാട് പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളും തകർന്നടിഞ്ഞു. ഓടി രക്ഷപ്പെട്ടവർ തിരിച്ചെത്തിയപ്പോൾ ഉറ്റവരെ തിരമാലകൾ മണ്ണിനടിയിൽ ആക്കിയിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
142 പേരുടേ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇവരെയൊക്കെ അഴീക്കലിൽ കൂട്ടത്തോടെ സംസ്കരിക്കുകയായിരുന്നു. അവരുടെ ഓർമക്കായി സർക്കാർ സ്മൃതികുടീരവും തീർത്തു.
തിങ്കളാഴ്ച രാവിലെ അഴീക്കലിലെ സ്മൃതി മണ്ഡപത്തിൽ പ്രിയപ്പെട്ടവരുടെ സ്മരണയിൽ ഒരുപിടി പൂക്കളുമായി നിറകണ്ണുകളോടെയാണ് അവർ എത്തിയത്. 18 വർഷം മുമ്പത്തെ നടുക്കുന്ന ഓർമകൾ ബന്ധുക്കളുടെ മുഖത്ത് ദൃശ്യമായിരുന്നു.
ജനപ്രതിനിധികളും കരയോഗങ്ങളും വിവിധ സന്നദ്ധ രാഷ്ട്രീയ സംഘടനകളും സൂനാമി സ്മാരകത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ് അധ്യക്ഷതവഹിച്ചു.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ജി. രാജദാസ്, മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി എ. അനിരുദ്ധൻ, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്തംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ, ഷൈമ, ഷിജി, ശ്യാമ, ഹജിത, ശ്യാംകുമാർ, പി. ലിജു, വി.എസ്. പ്രേംകുമാർ, ഷിബു പഴനിക്കുട്ടി, ചിദ്ഘനാമൃത ചൈതന്യ, പ്രേമചന്ദ്രൻ വാലേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.