ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ, പിടിവീഴും
text_fieldsകരുനാഗപ്പള്ളി: നഗരസഭ പരിധിയിലെ ജലാശയങ്ങൾക്ക് സംരക്ഷണമൊരുക്കാനുള്ള കാമറകൾ ഉടൻ പ്രവർത്തനമാരംഭിക്കും. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ 'സുരക്ഷിത നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായാണ് നിരീക്ഷണകാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ 44 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഏതാനും ദിവസങ്ങൾക്കകം നടക്കും.
നഗരത്തിന്‍റെ അതിർത്തി പങ്കിടുന്ന പള്ളിക്കലാറിന്‍റെ തീരങ്ങളിലും വട്ടക്കായൽ, കന്നേറ്റിക്കായൽ, ടി.എസ് കനാൽ എന്നിങ്ങനെ പാതകളോട് ചേർന്നുള്ള മറ്റ് ജലാശങ്ങളുടെ തീരത്തുമാണ് ആദ്യഘട്ടമായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
കന്നേറ്റി, വള്ളക്കടവ്, മുണ്ടകപ്പാടം, ആലുംകടവ്, പറങ്കിമാംമൂട്, കല്ലുംമൂട്ടിൽകടവ്, പണിക്കർകടവ്, പള്ളിക്കൽകുളം എന്നിവിടങ്ങളിലായി 36 കാമറകൾ ഇതിനകം സ്ഥാപിച്ചു. ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമൂലം ജലാശയങ്ങൾ മലിനീകരിക്കപ്പെടുന്ന സാഹചര്യത്തെ നേരിടുന്നതിനായാണ് നഗരസഭ വേറിട്ട പദ്ധതി നടപ്പാക്കിയത്.
ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ വാഹനങ്ങളിൽ എത്തിച്ചും മറ്റും ജലാശയങ്ങളിൽ തള്ളുന്നത് പതിവായിരുന്നു. മാലിന്യം തള്ളുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ വ്യക്തമായി കാണാൻ സാധിക്കും വിധമാണ് ഇപ്പോൾ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
പൊലീസ് സ്‌റ്റേഷനിലും നഗരസഭ ഓഫിസിലെ ആരോഗ്യ വിഭാഗത്തിലും ഈ ദൃശ്യങ്ങൾ അപ്പോൾതന്നെ ലഭ്യമാകും. ഇതുവഴി വാഹനങ്ങൾ ഉടൻതന്നെ പിടികൂടുന്നതിനും നിയമനടപടി സ്വീകരിക്കാനും സാധിക്കും. രണ്ടാം ഘട്ടമായി പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.