കരുനാഗപ്പള്ളിയിലെ അക്രമം: എം.എൽ.എ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം അക്രമത്തിൽ കലാശിച്ചു. എം.എൽ.എ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കൊട്ടിക്കലാശത്തിനായി ദേശീയപാതയിൽ പൊലീസ് സ്റ്റേഷനോട് ചേർന്ന് പടിഞ്ഞാറുവശം എൽ.ഡി.എഫിനും പൊലീസ് സ്റ്റേഷന് തെക്ക് മാറി കിഴക്കുവശത്തായി യു.ഡി.എഫിനും പടനായകുളങ്ങര ക്ഷേത്രത്തിന് സമീപത്തായി ബി.ജെ.പിക്കും മുൻകൂട്ടി പൊലീസ് സ്ഥലം നിശ്ചയിച്ചിരുന്നതാണ്.
എന്നാൽ, യു.ഡി.എഫിന് പ്രകടനം നടത്തേണ്ടിയിരുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത രീതിയിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്തതാണ് സംഘർഷത്തിന് കാരണം. വാഹനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയുമുണ്ടായി.
ഇരുവിഭാഗത്തെയും സംഘർഷത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സി.ആർ. മഹേഷ് എം.എൽ.എ, സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, കരുനാഗപ്പള്ളി എസ്.എച്ച്.ഒ പി.കെ. മോഹിത്, കൊ ല്ലം എ.ആർ ക്യാമ്പിലെ എ.എസ്.ഐ അജി, സീനിയർ സിവിൽ പൊലീസ് ഓഫിർ ഹാഷിം ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റത്.
ഇരുവിഭാഗവും 15 മിനിറ്റിലധികം നടത്തിയ കല്ലേറിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
കൂടാതെ ഇരുവിഭാഗങ്ങളിൽ നിന്നായി അമ്പതോളം പ്രവർത്തകർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സി.പി.എം ഏരിയ സെക്രട്ടറി പി.കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റിയംഗം ബി. ഗോപൻ, എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി യു. കണ്ണൻ, പ്രവർത്തകരായ ശശാങ്കൻ, തോട്ടുകര ഹാഷിം, കെ. പാർത്ഥസാരഥി, നാസിം, സുജോ, നിഷാദ്, അബ്ദുൽസലാം, സനൂപ്, ഷാഹിർ, ഡി.സി.സി വൈസ് പ്രസിഡൻറ് ചിറ്റുമൂല നാസർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.എ. ജവാദ്, കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ, വരുൺ ആലപ്പാട്, യൂത്ത് കോൺഗ്രസ് നേതാവ് ശബരി, സുരേന്ദ്രൻ, ജയപ്രകാശ് തുടങ്ങി നിരവധി പേരെ കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിലും ഗുരുതര പരിക്ക് പറ്റിയവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്രമികളെ പിന്തിരിപ്പിക്കാൻ വേണ്ടി പൊലീസ് ഉപയോഗിച്ച കണ്ണീർവാതക ഷെൽ പൊട്ടിയാണ് തങ്ങൾക്ക് പരിക്കേറ്റതെന്നാണ് ചികിത്സയിൽ കഴിയുന്ന പലരും ആരോപിക്കുന്നത്. എന്നാൽ, അക്രമം നിയന്ത്രണാധീതമായ സാഹചര്യത്തിൽ പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
മൂന്നുതവണ തുടർച്ചയായി കണ്ണീർവാതക ഷെൽ പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ പിന്തിരിയാൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ പിന്തിരിഞ്ഞു പോയ പ്രവർത്തകർ പിന്നീട് വീണ്ടും സംഘടിച്ച് സംഘർഷത്തിൽ ഏർപ്പെട്ടതായും പൊലീസ് പറയുന്നു. പി.ഡി.പി.പി ആക്ട് പ്രകാരം ഇരുവിഭാഗങ്ങളിൽനിന്നായി നൂറോളം പ്രവർത്തകരുടെ പേരിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.