വെൽഫെയർ സ്കൂളിന് വേണം ക്ഷേമം
text_fieldsകരുനാഗപ്പള്ളി: താഴ്ന്ന വിഭാഗക്കാർ എന്ന് മുദ്രകുത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവർക്കായി ഒരുക്കി നൽകിയ വിദ്യാലയമാണ് കരുനാഗപ്പള്ളി വിദ്യാഭ്യാസജില്ലയിലെ വേങ്ങറ ഗവ. വെൽഫെയർ എൽ.പി.എസ്. 1957 ല്‍ മുൻ പഞ്ചായത്ത് മെംബറും പൗരപ്രമുഖനുമായിരുന്ന കൊച്ചുവീട്ടിൽ ഭാസ്കരൻപിള്ള ദാനമായി നൽകിയ 11 സെൻറ് സ്ഥലത്താണ് ദേവിവിലാസം പയൽ സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
പനമ്പ് കൊണ്ട് കെട്ടിമറച്ച് തുടങ്ങിയ വിദ്യാലയത്തിൽനിന്ന് ആയിരക്കണക്കിന് കർഷകതൊഴിലാളികളുടെയും കൂലിവേലക്കാരുടെയും മക്കളാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇന്ന് പരിമിതമായ സ്ഥലസൗകര്യമാണ് സ്കൂളിനെ അലട്ടുന്ന പ്രധാന പ്രശ്നം .
വെളിച്ചം കയറാത്ത കുടുസ്സ് ക്ലാസ്മുറികള്, കൈവീശി നടക്കാൻ കഴിയാത്ത ഇടനാഴി, മൂത്രപ്പുരയും ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കളയും കൈയെത്തും ദൂരത്ത് ഇങ്ങനെ ദുരിത മുഖത്താണ് ഈ സ്കൂള്‍ പ്രവർത്തിച്ചുവരുന്നത്. കളിസ്ഥലമില്ലാത്ത ജില്ലയിലെ ഏക സർക്കാർ വിദ്യാലയം കൂടിയാണ് ഇത്. 1986ൽ 12 ഡിവിഷനുകളിലായി 400 ഓളം വിദ്യാർഥികൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിച്ചിരുന്നതായി മുൻ പ്രഥമാധ്യാപിക അംബിക ഓർക്കുന്നു.
17 ഓളം വിദ്യാർഥികൾ ഈ വർഷവും അഡ്മിഷൻ എടുത്ത പ്രീ-പ്രൈമറി ക്ലാസ് ഇവിടെ നന്നായി പ്രവർത്തിക്കുന്നുവെങ്കിലും പരിശീലന ഉപകരണങ്ങൾ െവക്കാൻ പോലും സ്ഥലമില്ല. ഇതര സ്കൂളുകളില്‍ പ്രീ-പ്രൈമറി അധ്യാപകർക്ക് ഓണറേറിയം നൽകുന്നുണ്ടെങ്കിലും ഇവിടെ ടീച്ചർമാർക്ക് ശമ്പളം പി.ടി.എ നേതൃത്വത്തില്‍ രക്ഷിതാക്കളാണ് പിരിച്ചുനൽകിവരുന്നത്.
1972 ല്‍ മുന്‍ എം.എല്‍.എ ഉണ്ണിക്കൃഷ്ണപിള്ളയുടെ ശ്രമത്തിൽ നിർമിക്കെപ്പട്ട ഓടിട്ട കെട്ടിടത്തിലാണ് ഇപ്പോഴും ക്ലാസുകൾ നടക്കുന്നത്. ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിന്റെ ശാപമോക്ഷം കാത്തിരിക്കുകയാണ് രക്ഷിതാക്കൾ. മിക്കസമയത്തും ചോർച്ച മാറുമ്പോഴാണ് പഠനം.
ഭൗതിക സാഹചര്യങ്ങളുടെ കുറവുകൾക്കിടയിലും പ്രഗല്ഭരായ അധ്യാപകരുടെ മികവുറ്റ അധ്യാപന രീതിയുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വെൽഫെയർ എൽ.പി.എസിലെ 18 ഓളം കുട്ടികൾക്ക് എൽ.എസ്.എസ് നേടാൻ കഴിഞ്ഞു. ഐ.ടി മിഷന്റെ കീഴിൽ കമ്പ്യൂട്ടർ നൽകിയിട്ടുണ്ടെങ്കിലും സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കാനുള്ള സൗകര്യം സ്കൂളിൽ ഇല്ലാത്തത് അധ്യാപകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
2019 വരെ ഓഫിസ് മുറിയില്ലാതെ പ്രവർത്തിച്ചിരുന്ന സ്കൂളിൽ സൂനാമി ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ച് ലക്ഷം രൂപയിലാണ് ഓഫിസ് മുറി പണിതത്. മുഴുവൻ കുട്ടികളെയും ഒരുമിച്ച് നിർത്താനുള്ള സ്ഥലം സ്കൂളിൽ ഇല്ലാത്തതിനാൽ അസംബ്ലി നടക്കാറില്ല. സ്വന്തമായി ഒരുവാഹനം എന്ന സ്വപ്നവും സാക്ഷാത്കരിച്ചിട്ടില്ല. രക്ഷാകർത്താക്കൾ സ്വന്തം ചെലവിൽ വാഹനം ഒരുക്കിയാണ് പ്രീ-പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്.
വയലുകൾക്ക് നടുവിൽ ഡി.വി.എൽ.പി.എസ് എന്ന സ്കൂൾ ഒരുക്കി സാധാരണക്കാരന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകിയ ഭാസ്കരൻപിള്ളയുടെ ഓർമകൾ നിലനിൽക്കാൻ ഈ വിദ്യാലയം എക്കാലവും പ്രദേശത്ത് പ്രവർത്തനസജ്ജമായിരിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർഥന. ക്ഷേമം എന്ന വാക്ക് ബോർഡില്‍ ഒതുങ്ങാതെ അധികൃതര്‍ വെൽഫെയര്‍ സ്കൂളിന് ക്ഷേമം വരുന്ന നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.