ഗ്രാവലിൽ കുളംകുത്തി കരുത്ത് തെളിയിച്ച് വനിതകൾ
text_fieldsകരുനാഗപ്പള്ളി: പൊരിവെയിൽ വകവെക്കാതെ കുളംകുത്തി സ്ത്രീശക്തി തെളിയിക്കുകയാണ് കുലശേഖരപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം കുറുങ്ങപ്പള്ളി വാർഡിലാണ് 24 സ്ത്രീത്തൊഴിലാളികൾ ഗ്രാവൽ മണ്ണിൽ കൃഷിക്കുളം നിർമിച്ചുനൽകുന്നത്.
കാർഷിക ആവശ്യത്തിന് വേനൽകാലത്ത് ജലസ്രോതസ്സായി ഉപയോഗിക്കത്തക്ക തരത്തിൽ തട്ടുകളായി തിരിച്ചാണ് കുളം നിർമാണം. 15 അടി നീളവും ഒമ്പത് അടി വീതിയുമുള്ള കുളത്തിന് ആദ്യഘട്ടത്തിൽ ആറടി താഴ്ചയുണ്ടാകും. 1.38 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. തിട്ട സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിക്കുകയും മണ്ണൊലിപ്പ് തടയാൻ വശങ്ങളിൽ രാമച്ചം നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെ നിർമാണം പൂർത്തിയാകും.
പഞ്ചായത്തിലെ ഭൂരിഭാഗം സ്വാഭാവിക ജല സ്രോതസുകളും സമീപകാലത്തായി ഭൂ ഉടമകൾ നികത്തിയ അവസ്ഥയാണുള്ളത്. ഇത് മഴക്കാലത്ത് പെട്ടെന്ന് വെള്ളക്കെട്ടുകൾ രൂപപ്പെടാനും വേനലിന്റെ ആരംഭത്തിൽതന്നെ രൂക്ഷമായ വരൾച്ചക്കും കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തെ അതിജീവിക്കാനാണ് പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രന്റെ നേതൃത്വത്തിൽ കൃഷിക്കുളം നിർമാണ പദ്ധതിക്ക് രൂപം നൽകിയത്.
മുൻകാലങ്ങളിൽ മത്സ്യകൃഷിക്ക് വേണ്ടിയായിരുന്നു കുളങ്ങൾ ഉപയോഗിച്ചിരുന്നത്. വാർഡിൽതന്നെ ഇവർ നിർമിക്കുന്ന രണ്ടാമത്തെ കുളമാണിത്. കൃഷി ആവശ്യത്തിന് കുളം നിർമിക്കാൻ താൽപര്യമറിയിച്ച് നിരവധിപേർ തൊഴിലുറപ്പ് സംഘത്തെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.