കണ്ടലുകളെ പരിചരിച്ച് യുവ സ്നേഹിതർ
text_fieldsകരുനാഗപ്പള്ളി: പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിലും കണ്ടൽ ചെടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ തിരിച്ചറിവിലാണ് കേരള യൂത്ത് പ്രമോഷൻ കൗൺസിലും അതിന്റെ ചെയർമാൻ സുമൻജിത്ത് മിഷയും സബർമതി ഗ്രന്ഥശാല സെക്രട്ടറി മഞ്ജുകുട്ടനും കണ്ടൽ വനവത്കരണത്തിനും സംരക്ഷണത്തിനുമുള്ള പ്രവർത്തനമാരംഭിച്ചത്.
നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിനിലൂടെ 12 വർഷമായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൊന്നാണ് കണ്ടൽ വനവത്കരണവും ഒപ്പം നടത്തുന്ന കണ്ടൽ പഠനയാത്രയും. ഏഷ്യയിലെതന്നെ സ്വാഭാവിക കണ്ടൽ വനമായ ആയിരംതെങ്ങിലേക്ക് നാളിതുവരെ ആയിരത്തിലധികം സ്കൂൾ, കോളജ് വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരുമായി കണ്ടൽ പഠന യാത്രക്കും ഇവർ നേതൃത്വം നൽകിയിട്ടുണ്ട്.
വെറുതെ യാത്ര പോകാതെ പോകുന്നവഴിയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കംചെയ്യാറുണ്ട്. ആയിരംതെങ്ങ് കണ്ടൽ പാർക്കിലുള്ള കണ്ടലുകളെക്കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കിവരികയാണിപ്പോൾ. ജൈവവൈവിധ്യ സംരക്ഷണത്തിനും മീനുകൾക്ക് മുട്ടയിടുന്നതിനും ജല ശുദ്ധീകരണത്തിനും കൊടുങ്കാറ്റിന്റെ വേഗം കുറക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
കേരളത്തിലെ 44 നദികളിലൊന്നായ പള്ളിക്കലാറിന്റെ തീരത്ത് എട്ട് വർഷമായി കണ്ടൽ ചെടികൾ വെച്ചു പിടിപ്പിക്കുന്ന സുമൻജിത്ത് മിഷക്കും മഞ്ജുകുട്ടനും സംസ്ഥാന വനം വകുപ്പ് വനമിത്ര പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ കണ്ടൽ ദിനമായ ഇന്നും പള്ളിക്കലാറിന്റെ തീരത്തും മൺറോതുരുത്തിലും കണ്ടൽ തൈകൾ വെച്ചുപിടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.