കരുനാഗപ്പള്ളി നഗരസഭ വൃദ്ധരെ തിരിഞ്ഞുനോക്കുന്നില്ല
text_fieldsകരുനാഗപ്പള്ളി: വയോജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട നഗരസഭ അവഗണിക്കുന്നതായി വ്യാപക പരാതി. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഒന്നിലധികം രോഗങ്ങൾ ബാധിച്ച് വീടുകളിൽ കിടപ്പിലാണ്.
കരുനാഗപ്പള്ളി നഗരസഭ കേന്ദ്രീകരിച്ച് 35 ഡിവിഷനുകളിലെയും വയോജനങ്ങൾക്ക് വയോമിത്രം പദ്ധതി പ്രകാരം ഡിവിഷൻ കേന്ദ്രീകരിച്ച് ക്യാമ്പുകൾ തുറന്ന് മരുന്നുകൾ നൽകി വന്നിരുന്നു. നഗരസഭയിൽ ഒന്നോ രണ്ടോ ഡിവിഷനുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച ക്യാമ്പുകളിൽ മാസത്തിലൊരിക്കൽ ഒരു ഡോക്ടറും രണ്ട് നഴ്സുകളും ഒരു സ്റ്റാഫുമെത്തി പരിശോധിച്ച് വയോമിത്രം പദ്ധതി പ്രകാരം കരാറുകാർ നൽകുന്ന മരുന്നുകളാണ് നൽകിവന്നത്. രണ്ടരവർഷത്തിന് മുമ്പ് കോവിഡ് തുടങ്ങിയതോടെ എല്ലാ ക്യാമ്പുകളും നിർത്തലാക്കി.
മക്കളുടെയോ ബന്ധുക്കളുടെയോ സഹായമില്ലാതെ ഒറ്റക്കും അല്ലാതെയും താമസിക്കുന്ന വിവിധ രോഗങ്ങൾ പിടിപെട്ട വയോജനങ്ങൾ ക്യാമ്പ് നിർത്തലാക്കിയതോടെ ഏറെ ദുരിതത്തിലാണ്.
പരാതി ഉണ്ടായതിനെതുടർന്ന് കരാറുകാർ കൊടുക്കുന്ന ഗുണനിലവാരമില്ലാത്ത കുറച്ച് മരുന്നുകൾ മാത്രം നഗരസഭയിലെത്തിച്ച് 35 ഡിവിഷനുകളിലെയും യാത്ര ചെയ്യാൻപോലും കഴിയാത്തവരെ നഗരസഭയിൽ വിളിച്ചുവരുത്തി മാസത്തിൽ രണ്ട് തവണ വല്ലപ്പോഴും വിതരണം ചെയ്തു. രോഗികൾ ഒറ്റക്കും പരസഹായത്തോടും കൗൺസിലറുടെ വീടുകളിലെത്തി കിട്ടുന്ന മരുന്ന് വാങ്ങി കഴിക്കുന്നതാണ് പതിവ്.
ത്രിതല പഞ്ചായത്തുകളുടെ തനത് ഫണ്ടിൽനിന്ന് വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി അഞ്ച് ശതമാനം തുക വിനിയോഗിക്കണമെന്നാണ് സർക്കാർ ഉത്തരവ്.
പഞ്ചവത്സര പദ്ധതിയിൽനിന്ന് അഞ്ച് ശതമാനം വിനിയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുമുണ്ട്. ഈ തുകയും ത്രിതല പഞ്ചായത്തുകൾ ഉപയോഗിക്കുന്നില്ല.
കോവിഡിന് മുമ്പ് നഗരസഭയിൽ 17 കിടപ്പുരോഗികൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് 62 ആയി വർധിച്ചു. അടിയന്തരമായി കരുനാഗപ്പള്ളി നഗരസഭ അധികൃതർ നഗരസഭ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ വയോജനങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.