കാത്തിരുന്ന്, കാത്തിരുന്ന് കൊല്ലത്ത് കലോത്സവമെത്തുന്നു
text_fieldsകൊല്ലം: കാഞ്ഞങ്ങാട് കേരള സ്കൂൾ കലോത്സവം കൊടിയിറങ്ങിയപ്പോൾ അടുത്തത് കൊല്ലത്തെന്നായിരുന്നു പ്രഖ്യാപനം. 2021 ജനുവരിയിൽ കലയുടെ കൗമാരോത്സവത്തിനുള്ള കൊല്ലത്തിന്റെ കാത്തിരിപ്പ് പക്ഷേ, നീണ്ടുപോയി... അഞ്ച് കൊല്ലം. 2024 ജനുവരിയിൽ കേരള സ്കൂൾ കലോത്സവം കൊല്ലത്ത് അരങ്ങുതകർക്കും. ശരിക്കും പറഞ്ഞാൽ 2008ന് ശേഷം ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടാണ് കലോത്സവം കൊല്ലത്തിന്റെ മണ്ണിലേക്കെത്തുന്നത്.
കോവിഡിന്റെ പ്രഹരമായിരുന്നു 2021ലെ 61-ാമത് സ്കൂൾ കലോത്സവം എന്ന കൊല്ലത്തിന്റെ സ്വപ്നത്തിന് കരിനിഴലായത്. തുടർച്ചയായ രണ്ട് ജനുവരികൾ കലോത്സവാഘോഷം ഇല്ലാതെ കടന്നുപോയി. അപ്പോഴും കാഞ്ഞങ്ങാട് നിന്നും ഏറ്റുവാങ്ങിയ കലോത്സവ പതാക കൊല്ലത്തിന്റെ കരങ്ങളിൽ സുരക്ഷിതമായിരിക്കുകയായിരുന്നു. നാട് പഴയ താളത്തിലേക്ക് തിരിച്ചെത്തിയതോടെ 2023 ജനുവരിയിലെ കലോത്സവത്തിന്റെ മേളം വന്നെത്തുമെന്നായി പിന്നെ പ്രതീക്ഷ. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള സർവകലാശാല യൂനിയൻ കലോത്സവത്തിന് ആതിഥ്യമരുളി എന്നത് ‘അയോഗ്യത’യായി. കൊല്ലത്തിന് അവകാശപ്പെട്ട കലോത്സവം അവസാന നിമിഷം കോഴിക്കോടേക്ക് പറിച്ചുമാറ്റി. ആ നിരാശക്ക് പരിഹാരമായാണ് 62ാമത് സംസ്ഥാന കലോത്സവം അഷ്ടമുടിയുടെ തീരത്തേക്കെത്തുന്നത്.
2008ൽ കൊല്ലം ഗവ. മോഡൽ സ്കൂളിലായിരുന്നു പ്രധാന വേദി. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഏകീകരണമില്ലാതെ ഹൈസ്കൂൾതലം വരെയായി നടന്ന അവസാനത്തെ യുവജനോത്സവം ആയിരുന്നു അത്.
കോഴിക്കോട് കപ്പ് കൊണ്ടുപോയപ്പോൾ, രണ്ടാമതെത്തി കൊല്ലം അന്ന് കരുത്തുകാട്ടിയിരുന്നു. 1988ലാണ് ആദ്യമായി യുവജനോത്സവത്തിന് കൊല്ലം വേദിയായത്. പിന്നെ 1999ലും കൗമാരോത്സവം ഇവിടെ കൊണ്ടാടി.
ഇത്തവണത്തെ വേദികൾ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനുള്ള നടപടികൾ അടുത്തയാഴ്ചയോടെ ആരംഭിക്കും.
അടുത്തയാഴ്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥർ ജില്ലയിൽ സന്ദർശനത്തിനെത്തും. നഗരത്തിൽ എവിടെയെല്ലാം വേദിയൊരുക്കാം, ഭക്ഷണത്തിനും താമസത്തിനുമുള്ള ക്രമീകരണങ്ങൾ എവിടെയെല്ലാം ഒരുക്കാം തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അവലോകനമുണ്ടാകും. വേദിയാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം സംഘം സന്ദർശിക്കും. എം.എൽ.എ, മേയർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുക്കുന്ന അവലോകനയോഗം നടക്കും. തുടർന്നായിരിക്കും വേദികൾ സംബന്ധിച്ച് അന്തിമചിത്രം തെളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.