കലോൽത്സവം; നന്ദി വീണ്ടും വരിക
text_fieldsഒരുനോക്കു കാണാൻ...
കൊല്ലം: കടൽപ്പണിക്ക് പോയ പിതാവിനെക്കൂടി കാണാനാണ് കടലില്ലാത്ത നാട്ടിൽ നിന്നും ലയ കൊല്ലത്തേക്ക് വണ്ടി കയറിയത്. പിതാവ് റെനീഷ് നീണ്ടകരയിലെ മത്സ്യത്തൊഴിലാളിയാണ്. പിതാവ് കടലിൽ തുഴയെറിയുമ്പോൾ മകൾ വേദിയിൽ തുഴയെറിഞ്ഞ് പാടുകയായിരുന്നു. കലോത്സവത്തിലെ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തുമ്പോൾ പിതാവിനെക്കൂടി കാണാമെന്ന് ലയ പ്ലാനിട്ടിരുന്നു.
പക്ഷേ, എന്തുചെയ്യാൻ, കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ പോയ രാജേഷ് രണ്ട് ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ. പക്ഷേ, മത്സരം പൂർത്തിയാക്കി ലയക്ക് മടങ്ങേണ്ടതുണ്ട്. കൊല്ലങ്കോട് വേലായുധൻ മെമ്മോറിയൽ എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ലയ. പിതാവ് കണ്ണൂർ സ്വദേശിയാണെങ്കിലും കൊല്ലങ്കോടാണ് താമസം.
ജോലി നീണ്ടകരയിലും. 14 വർഷത്തോളമായി ഇവിടെയാണ് കടൽപ്പണി. ഡിസംബർ 30ന് വീട്ടിൽ വന്നപ്പോൾ കൊല്ലത്തുവെച്ച് കാണാമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. അതു നടക്കാത്തതിന്റെ സങ്കടമുണ്ടെങ്കിലും കടത്തനാടൻ ശൈലിയിൽ വഞ്ചിപ്പാട്ടിൽ മിന്നും പ്രകടനം കാഴ്ചവെക്കാനായതിന്റെ സന്തോഷത്തിലാണ് ലയയും സംഘവും. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് തങ്ങളുടെ സ്കൂൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാനെത്തുന്നത്. സാധാരണക്കാരായ കൂലിപ്പണിക്കാരുടെ മക്കളാണ് സ്കൂളിലെ വിദ്യാർഥികളിൽ അധികവും. വഞ്ചിപ്പാട്ട് പഠിപ്പിക്കാൻ പുറത്ത് ആശാന്മാരൊന്നുമുണ്ടായിരുന്നില്ല.
കണക്ക് അധ്യാപികയായ അഞ്ജുവും സുവോളജി അധ്യാപികയായ സജ്നയും ചേർന്നാണ് കുട്ടികളെ പരിശീലിപ്പിച്ചത്. അധ്യാപകരുടെ സഹായത്തോടൊപ്പം യൂട്യൂബ് നോക്കിയുമെല്ലാമായിരുന്നു പഠനം. നൂറനാട് സ്വദേശിയായ അധ്യാപിക ഈ സ്കൂളിലുണ്ട്. അവരുടെ വീട്ടിലായിരുന്നു താമസം. ലളിതഗാനത്തിന് 10 വർഷം മുമ്പ് കിട്ടിയ സമ്മാനമാണ് സംസ്ഥാനമേളയിലെ സ്കൂളിന്റെ അവസാന അടയാളപ്പെടുത്തൽ. ഓരോ വട്ടവും വാശിയോടെ സമ്മാനം സ്വപ്നം കണ്ട് എത്തുന്ന കുട്ടികൾക്ക് മുന്നിൽ സംസ്ഥാന സ്കൂൾ കലോത്സവം കിട്ടാക്കനിയായി തുടരുകയായിരുന്നു. അതിന്റെ പോരായ്മയാണ് ഇക്കുറി നികത്തിയത്. ഹൈസ്കൂളിൽ മാത്രമല്ല, ഹയർസെക്കൻഡറിയിലും വഞ്ചിപ്പാട്ടിൽ മികവേറിയ പ്രകടനം കാഴ്ച വെച്ചിരുന്നു.
കണ്ണീർ വീഴാതെ പരാതിരഹിതമാകണം കലോത്സവങ്ങൾ -വി.ഡി. സതീശന്
കൊല്ലം: കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും കണ്ണീർ വീഴാതെ പൂർണമായി പരാതി രഹിതമായി കലോത്സവങ്ങൾ നടത്താൻ നടപടിവേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാന സ്കൂൾ കലോത്സവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവത്തെ കൊല്ലം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റെടുത്തു. എല്ലാം മറന്ന് എല്ലാവരും ഒന്നായി ചേര്‍ന്ന് യുവകലാകാരന്മാരുടെ ഉദയത്തിനു വേണ്ടി ഒത്തുകൂടുന്ന വേദികളാണ് കലോത്സവ വേദികളെന്നും അദ്ദേഹം പറഞ്ഞു.
ജനപങ്കാളിത്തത്തില്‍ കൊല്ലത്ത് നടന്ന കലോത്സവം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുമെന്ന് അധ്യക്ഷനായ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഒരുമയാണ് ഏത് മേഖലയിലും കേരളത്തിന്റെ മുഖമുദ്ര. ആ ഒരുമക്ക് അടിസ്ഥാനമാകുന്നത് ഇത്തരത്തില്‍ ജനപങ്കാളിത്തമുള്ള കലോത്സവങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.സമാപന സമ്മേളനത്തിന് മുമ്പ് എല്ലാ മത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കാന്‍ സാധിച്ചതും കൃത്യസമയ പാലനവും ചരിത്രത്തില്‍ ആദ്യമായി ആണെന്നും അത് കൊല്ലത്തുനടന്ന കലോത്സവത്തിന്റെ പേരില്‍ സ്വര്‍ണ ലിപികളില്‍ ചരിത്രത്താളില്‍ രേഖപ്പെടുത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വർഷം എ ഗ്രേഡ് കിട്ടുന്ന കുട്ടികൾക്കുള്ള സമ്മാത്തുക വർധിപ്പിക്കുമെന്നും പുതിയ മാന്വൽ പ്രകാരം കലോത്സവം നടത്തുമെന്നും അദേഹം പ്രഖ്യാപിച്ചു.
സുവനീര്‍ പ്രകാശനം മന്ത്രി ആര്. അനില്‍ നിര്‍വഹിച്ചു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, സജി ചെറിയാന്, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്, പി.എസ്. സുപാല്‍, പി.സി. വിഷ്ണുനാഥ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കലക്ടര്‍ എന്‍. ദേവിദാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, അഡിഷനല്‍ ഡയറക്ടര്‍ സി.എസ്. സതീഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.