കേരള സ്കൂൾ കലോത്സവം; സുരക്ഷയും സൗകര്യവും സജ്ജം
text_fieldsകൊല്ലം: സ്കൂൾ കലോത്സവ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കൊല്ലം സിറ്റി പൊലീസ്. കലോത്സവത്തിന് എത്തുന്ന കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രധാന വേദിയായ ആശ്രാമത്തും ഭക്ഷണവിതരണത്തിനായി നിശ്ചയിച്ചിട്ടുള്ള ക്രേവൻ സ്കൂളിലും മറ്റ് വേദികളിലും പാർക്കുകൾ ബീച്ചുകൾ എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കൊല്ലം ബീച്ചിലും നഗരപരിധിയിലെ മറ്റ് തീരമേഖലകളിലും ലൈഫ് ഗാർഡുകളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
കുട്ടികൾക്ക് താമസിക്കുന്നതിനായി സജ്ജീകരിച്ച 24 സ്കൂളുകളിലും മുഴുവൻ സമയവും വനിതാ പൊലീസ് ഉൾെപ്പടെയുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വേദികളും പരിസരവും 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. സാമൂഹികവിരുദ്ധരെ നിരീക്ഷിക്കുന്നതിനും മുൻകൂട്ടി കണ്ട് തടയുന്നതിനുമായി മഫ്തി പൊലീസിനെയും വനിതാ പൊലീസിനെയും ഈ സ്ഥലങ്ങളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി ഉചിത നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.
കലോത്സവ ദിവസങ്ങളിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ശങ്കേഴ്സ് ജംഗ്ഷൻ മുതൽ ചിന്നക്കട വരെ റോഡിൽ വൺവേ ട്രാഫിക് മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളിൽ ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പടെ ഹെവി വാഹനങ്ങൾ അനുവദിക്കില്ല. അനധികൃത പാർക്കിങ് ഒഴിവാക്കാൻ വേദികൾക്ക് സമീപം ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. ഇതുകൂടാതെ ഈ ദിവസങ്ങളിൽ നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോകൾക്ക് മാത്രമേ സർവിസിന് അനുവാദമുള്ളൂ.
ഇവയിൽ നിർബന്ധമായും ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം. പൊലീസ് സഹായം 24 മണിക്കൂറും ലഭ്യമാക്കുന്നതിനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറായ 9497930804 പ്രവർത്തിക്കുമെന്നും ജില്ല പൊലീസ് മേധാവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിപുല സംവിധാനം
കൊല്ലം: കലോത്സവത്തിനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷക്കും സൗകര്യങ്ങൾക്കും വിപുല സംവിധാനം. കുടിവെള്ളം, ആതുരസേവന സൗകര്യം എന്നിവ എല്ലാ വേദികളിലും ഏര്‍പ്പാടാക്കിയിട്ടുണ്ട്. മെഡിക്കല്‍ ടീമിന്റെ സേവനം പ്രൈവറ്റ് ആശുപത്രികളുടെ കൂടി സഹായത്തോടെ ലഭ്യമാക്കും. ആംബുലന്‍സ് സേവനവും വേദികളില്‍ ഉണ്ടാകും. എല്ലാ വേദികളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനം പൂര്‍ത്തിയായി. ഫയര്‍ ആൻഡ് റെസ്ക്യൂ ടീമിന്റെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
14 സ്കൂളുകളിലായി 2475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്കൂളുകളിലായി 2250 പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്കും എസ്കോര്‍ട്ടിങ് ടീച്ചേഴ്സിനും ഇരുപത്തിയാറ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ടൗണ്‍ ബസ് സര്‍വിസും കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ നാളെ മുതല്‍ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വിസ് നടത്തും.
ഇരുപത്തഞ്ച് ഓട്ടോകള്‍ വേദികളില്‍നിന്ന് വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യസേവനം നടത്തും. പ്രത്യേകം ബോര്‍ഡ് വെച്ചായിരിക്കും ഓട്ടോകള്‍ സജ്ജീകരിച്ചിരിക്കുന്നത്.എല്ലാ വേദികളിലേക്കും കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കും.
മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണപ്പന്തലിലേക്കും പോകുന്നതിന് ഈ വാഹനം ഉപയോഗിക്കാം. വേദികളും പാര്‍ക്കിങ് സൗകര്യങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ക്യൂ.ആര് കോഡുകള്‍ തയാറാക്കിയിട്ടുണ്ട്. കലോത്സവത്തിന് മാത്രമായുള്ള ഹെല്പ് ലൈന്‍ നമ്പറും സജ്ജമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.