തുടങ്ങുന്നു, കലാവേശം...
text_fieldsകൊല്ലം: കലയും കാലവും കോവിഡ് അടിച്ചേൽപിച്ച മുറിവുകളിൽനിന്ന് കുതിച്ചുയരാനുള്ള ശ്രമത്തിലാണ്. ആ ശ്രമങ്ങൾക്ക് ഊർജം പകർന്ന് യുവതയുടെ ആഘോഷ ദിനങ്ങൾക്ക് ആതിഥ്യമരുളാൻ കൊല്ലം പൂർണസജ്ജം. പ്രൗഢമായ എസ്.എൻ കോളജ് കാമ്പസിനെ ആരവങ്ങളിൽ നിറച്ച് കലാവേശം നിറയാൻ ഇനി ഏതാനും മണിക്കൂറുകൾ.
നാല് വർഷത്തെ ഇടവേള കഴിഞ്ഞ് കൊല്ലം ആതിഥ്യമരുളുന്ന കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരിതെളിയും. തുടർന്ന് അഞ്ച്നാൾ നീളുന്ന ആഘോഷക്കാഴ്ചകൾ. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 250ലധികം കോളജുകളിലെ കലാപ്രതിഭകളാണ് ബുധനാഴ്ച വരെ നീളുന്ന 'ഉത്സവ'ത്തിന്‍റെ ഭാഗമാകാൻ എത്തുന്നത്. ഇത്തവണ മൂവായിരത്തോളം വിദ്യാർഥികൾ 102 ഇനങ്ങളിലായി മാറ്റുരക്കാനെത്തും. അറബനമുട്ട്, വട്ടപ്പാട്ട് എന്നീ ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയാണ് ഇത്തവണ കലാമേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ട്രാൻസ്ജെൻഡർ വിദ്യാർഥികളും മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 12ലധികം ഇനങ്ങളിൽ ട്രാൻസ് വിദ്യാർഥികളുടെ പങ്കാളിത്തമുണ്ടാകും.
ഓൺലൈൻ രജിസ്ട്രേഷന് പുറമെ മേള തുടങ്ങുന്നതിന് മുമ്പ് വരെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവുമായി എത്തുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും നൽകുന്നുണ്ട്. സമാപനസമ്മേളനം 27ന് വൈകീട്ട് ആറിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
കോവിഡ് കവർന്നെടുത്ത രണ്ട് വർഷങ്ങളുടെ നഷ്ടബോധം നികത്തുന്ന മികവുറ്റ പ്രകടനങ്ങളുമായി യുവപ്രതിഭകൾ വേദികൾ കീഴടക്കുന്ന വിസ്മയക്കാഴ്ചകളുടെ ദിനമായിരിക്കും വരുന്നതെന്ന സന്ദേശവുമായി കഴിഞ്ഞദിവസം നടന്ന വിളംബര ജാഥ ഏറെ ശ്രദ്ധേയമായിരുന്നു.
2018ൽ ആണ് അവസാനമായി സർവകലാശാല യുവജനോത്സവത്തിന് കൊല്ലം വേദിയൊരുക്കിയത്. കോവിഡിന് മുമ്പ് 2020ൽ തിരുവനന്തപുരത്താണ് ഇതിന് മുമ്പ് യുവജനോത്സവം നടന്നത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ആണ് അന്ന് കിരീടജേതാക്കളായത്. കിരീടത്തിനായി ശക്തമായ പോരാട്ടം നടത്താനുള്ള മുന്നൊരുക്കവുമായി ഇത്തവണയും പ്രതിഭകൾ എത്തുമ്പോൾ മികവുറ്റ പ്രകടനമാണ് കൊല്ലം പ്രതീക്ഷിക്കുന്നത്.
ഉദ്ഘാടനം കെ.എൻ. ബാലഗോപാൽ; മുഖ്യാതിഥിയായി എബ്രിഡ് ഷൈൻ
കൊല്ലം: ശനിയാഴ്ച വൈകീട്ട് നാലോടെ യുവജനോത്സവത്തിന് കൊടിയുയരും. അഞ്ചിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. സംവിധായകൻ എബ്രിഡ് ഷൈൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള സർവകലാശാല വൈസ്ചാൻസലര്‍ പ്രഫ. വി.പി. മഹാദേവൻ പിള്ള, സെനറ്റ് അംഗങ്ങള്‍, സിൻഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
സംഘാടക സമിതി ഓഫിസ് തുറന്നു
കൊല്ലം: കേരള സർവകലാശാല യൂനിയൻ യുവജനോത്സവ സംഘാടക സമിതി ഓഫിസ് പ്രധാന വേദിയായ എസ്.എൻ കോളജിൽ പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
സംഘാടക സമിതി കൺവീനർ പി. അനന്ദു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ഗോപീകൃഷ്ണൻ, വളന്‍റിയർ കമ്മിറ്റി കൺവീനർ എ. വിഷ്ണു, സംഘാടക സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉച്ചക്ക് നടന്ന ചടങ്ങിൽ എസ്.എൻ കോളജിലെ പ്രധാനവേദിയുടെ പന്തൽ കാൽനാട്ട് സംഘാടക സമിതി ചെയർപേഴ്സൺ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.
കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര, സംഘാടക സമിതി ജനറൽ കൺവീനർ പി. അനന്തു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ഗോപികൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ എ. വിഷ്ണു, മീഡിയ കമ്മിറ്റി കൺവീനർ എ. സഹൽ, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റി കൺവീനർ മിഥുൻ സഹദ് എന്നിവർ പങ്കെടുത്തു.
വേദികൾ ഇവിടെ
- ശ്രീനാരായണ കോളജ്: കെ.പി.എ.സി ലളിത നഗർ, ബിച്ചു തിരുമല നഗർ
- ശ്രീനാരായണ വനിത കോളജ്: നെടുമുടി വേണു നഗർ, എസ്.പി. ബാലസുബ്രഹ്മണ്യം നഗർ
- ഫാത്തിമ മാതാ നാഷനൽ കോളജ്: ലതാ മങ്കേഷ്കർ നഗർ, പി.എസ്. ബാനർജി നഗർ
- ടി.കെ.എം ആർട്സ് കോളജ്: വി.എം. കുട്ടി നഗർ, പി. ബാലചന്ദ്രൻ നഗർ
- ഫാത്തിമ മെമ്മോറിയൽ ബി.എഡ് കോളജ്, പള്ളിമുക്ക്: കൈനകരി തങ്കരാജ് നഗർ
മൂന്ന് വേദികൾ, മൂന്നിനങ്ങൾ
കൊല്ലം: യുവജനോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ മൂന്ന് വേദികളിലായി മൂന്നിനങ്ങളിലാണ് മത്സരാർഥികൾ വേദികളിൽ മാറ്റുരക്കുന്നത്. കേരളത്തിന്‍റെ തനത് കലാരൂപമായ മോഹിനിയാട്ടം വൈകീട്ട് ആറിന് ആദ്യ ഇനമായി എസ്.എൻ കോളജിലെ കെ.പി.എ.സി ലളിത നഗർ വേദിയിൽ അരങ്ങേറും. തൊട്ടപ്പുറത്തുള്ള എസ്.എൻ വനിത കോളജിലെ നെടുമുടി വേണു നഗറിൽ ആറു മുതൽ കഥകളിയും ഫാത്തിമ മാതാ നാഷനൽ കോളജിലെ ലതാ മങ്കേഷ്കർ നഗറിൽ ഗസലും മത്സര ഇനങ്ങളായി എത്തും.
വേദികളിൽ ഇന്ന്
വേദി 1: എസ്.എൻ കോളജ് (കെ.പി.എ.സി ലളിത നഗർ)
വൈകീട്ട് 4.00: പതാക ഉയർത്തൽ
5.00: ഉദ്ഘാടന സമ്മേളനം
6.00: മോഹിനിയാട്ടം
വേദി 2: എസ്.എൻ വനിത കോളജ് (നെടുമുടി വേണു നഗർ)
വൈകീട്ട് 6.00: കഥകളി (ആൺ)
8.00: കഥകളി ( പെൺ)
9.00: കഥകളി (ട്രാൻസ്ജെൻഡർ)
വേദി 3: ഫാത്തിമ മാതാ നാഷനൽ കോളജ് (ലതാ മങ്കേഷ്കർ നഗർ)
വൈകീട്ട് 6.00: ഗസൽ (ആൺ)
8.00: ഗസൽ (പെൺ)
9.00: ഗസൽ (ട്രാൻസ്ജെൻഡർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.