പ്രഗൽഭമതികളെ സൃഷ്ടിക്കുന്ന വലിയ വേദികളാണ് യുവജനോത്സവങ്ങൾ -മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsകൊല്ലം: കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രഗൽഭമതികളെ സൃഷ്ടിച്ചെടുക്കുന്ന വലിയ വേദികളാണ് സർവകലാശാല യുവജനോത്സവങ്ങളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. മറ്റേതൊരു പരിപാടിയെക്കാൾ കേരളത്തിൽ ആളുകളെ ആകർഷിക്കുന്നത് യുവജനോത്സവങ്ങളാണ്. ഉത്സവത്തിന്‍റെ കാലമാണിത്. ചെറുതല്ലാത്ത ഇടവേളക്കുശേഷം കൂട്ടായ്മയുടെ അന്തരീക്ഷത്തിലേക്ക് കാമ്പസുകൾ തിരിച്ചെത്തുന്നത് രാജ്യത്തിനെതന്നെ മുന്നോട്ട് നയിക്കുന്നതിന് വഴിയൊരുക്കുമെന്നും കേരള സർവകലാശാല യൂനിയൻ യുവജനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കൊല്ലം എസ്.എൻ കോളജ് കാമ്പസിലെ പ്രധാന വേദിയിൽ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. കേരള സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാൻ ചാലകശക്തിയാകാൻ വിദ്യാർഥികൾക്കും അക്കാദമിക് സമൂഹത്തിനുമാണ് കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. ജെറിയാട്രിക് പേവാർഡ് ആയി കേരളം മാറാതിരിക്കാൻ കൂടുതൽ തൊഴിൽ സാധ്യതകളുണ്ടാകണം. ഇതിനായി കാമ്പസുകളിലെ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം കേരള സമൂഹത്തെ മുന്നോട്ടുനയിക്കാൻ കഴിയുന്ന ചർച്ചകളും പ്രവർത്തനങ്ങളും കൂടി ഉണ്ടാകണം. നോളജ് എക്കണോമിയിൽ ശ്രദ്ധയൂന്നി വളർച്ച നേടാൻ കാമ്പസുകളെ സജീവമാക്കാനും പുതിയ കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും സർവകലാശാല യൂനിയനുകൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിച്ചു. സംവിധായകൻ എബ്രിഡ് ഷൈൻ മുഖ്യാതിഥിയായി. സർവകലാശാല വി.സി വി.പി. മഹാദേവൻ പിള്ള, എം. നൗഷാദ് എം.എൽ.എ, യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജൻ, പ്രഫ. കെ. ലളിത, പ്രഫ. എം. വിജയൻ പിള്ള, ഡോ. ജയരാജ്, ലിഞ്ചു സുരേഷ്, ആർ. അരുൺകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ പി. അനന്ദു, കേരള സർവകലാശാല യൂനിയൻ ചെയർപേഴ്സൺ അനില രാജു, ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.