കുട്ടി ബൈക്ക് യാത്രക്കാർ പായുന്നു; പരിശോധനയില്ലാതെ പൊലീസും ഗതാഗതവകുപ്പും
text_fieldsപരവൂർ: ഓണാവധിക്കാലം ആഘോഷമാക്കി അപകടഭീഷണി ഉയർത്തി കുട്ടി ബൈക്ക് യാത്രക്കാർ നിരത്തുകളിൽ പായുന്നു. ഒരാഴ്ച മുമ്പ് ചാത്തന്നൂർ കുറുങ്ങൽ സ്വദേശിയായ യുവാവ് കൂട്ടുകാരന്റെ ബൈക്കിൽ അമിതവേഗത്തിൽ പായവെ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മരിച്ചു. അൽപനേരത്തേക്ക് ബൈക്ക് വാങ്ങി പോയത് മരണത്തിലെത്തിച്ചു.
ഗതാഗതനിയമങ്ങൾപോലും കൃത്യമായി അറിയാതെ മറ്റ് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തിയാണ് ഇവർ ചീറിപ്പായുന്നത്. 12നും 17നും ഇടയിലുള്ള കുട്ടികൾ ബൈക്കുകളിലും സ്കൂട്ടറുകളിലും അമിതവേഗത്തിൽ പായുന്നത് നിരത്തുകളിലെ നിത്യകാഴ്ചയാണ്. മൂന്നും നാലും പേർ ചേർന്ന് പോകുന്നതാണ് ഇവരുടെ ഹരം.
സാഹസികമായും ഉച്ചത്തിൽ പാട്ടുകൾ പാടിയും എതിരെവരുന്ന വാഹനയാത്രക്കാരെ മുൾമുനയിൽ നിർത്തിയുമാണ് പോക്ക്. ലൈസൻസോ മതിയായ രേഖകളോ ഇല്ലാതെയാണ് യാത്ര. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തും അവരെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇവർ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങുന്നത്. ചില രക്ഷാകർത്താക്കൾ ഇവർക്ക് കൂട്ടാണെന്ന ആക്ഷേപവുമുണ്ട്.
മാതാപിതാക്കളെയും സഹോദരങ്ങളെയും ബൈക്കിൽ കൊണ്ടുനടക്കുന്നതിൽ പലരും ലൈസൻസ് ഇല്ലാത്തവരാണ്. നമ്പർ പ്ലേറ്റുകൾ ഊരിമാറ്റി രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ കുട്ടി ബൈക്ക് യാത്രക്കാർ ചീറിപ്പാഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പും പൊലീസും അറിഞ്ഞമട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.