കിളികൊല്ലൂര്‍ പൊലീസ് മര്‍ദനം; ജില്ല പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിനെതിരെ മര്‍ദനമേറ്റ യുവാക്കള്‍
text_fieldsകിളികൊല്ലൂര്‍: സൈനികനും സഹോദരനും കിളികൊല്ലൂര്‍ പൊലീസിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷന് നല്‍കിയ റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കി മര്‍ദനത്തിനിരയായ വിഘ്‌നേശ്. തങ്ങളെ ഏറ്റവുമധികം ഉപദ്രവിച്ച എസ്.ഐ അനീഷിനെയും എസ്.എച്ച്.ഒ വിനോദിനെയും സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫ് നല്‍കിയതെന്നും വിഘ്‌നേശ് പറഞ്ഞു.
റിപ്പോര്‍ട്ട് തയാറാക്കുന്ന സമയത്ത് തന്നെയോ സഹോദരന്‍ വിഷ്ണുവിനെയോ ബന്ധപ്പെട്ടിരുന്നില്ല. റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത് തങ്ങള്‍ക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയും മനുഷ്യാവകാശ ധ്വംസനത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയുമാണെന്നും വിഘ്‌നേഷ് മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് തപാൽ മാര്‍ഗം പരാതി നല്‍കിയത്. അതേസമയം, യുവാക്കള്‍ക്ക് മര്‍ദനമേറ്റതായി കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് മര്‍ദനമേറ്റതെന്നോ ആരാണ് മര്‍ദിച്ചതെന്നോ റിപ്പോര്‍ട്ടില്‍ വൃക്തമാക്കിയിരുന്നില്ലെന്നും കേസില്‍ ആദ്യം സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് അതേപടി മനുഷ്യാവകാശ കമീഷന് ജില്ല പൊലീസ് മേധാവി സമര്‍പ്പിക്കുകയായിരുന്നുവെന്നും വിഘ്‌നേശ് പറഞ്ഞു.
സംഭവത്തില്‍ സാക്ഷി മൊഴികളും സി.സി ടി.വിയും പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം കിളികൊല്ലൂരില്‍ യുവാക്കള്‍ക്ക് മര്‍ദനമേറ്റ് നൂറുദിവസം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
അന്വേഷണം ആരംഭിച്ച സമയത്ത് മൊഴിയെടുത്തതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും വിഘ്‌നേശ് പറഞ്ഞു. തങ്ങള്‍ക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണമറിയാനായി ഹരജി ആറിലേക്ക് മാറ്റിയിരുന്നു. ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.