യാത്രക്കാരുടെ നടുവൊടിച്ച് കിണറ്റിൻകര-ശാസ്ത്രി ജങ്ഷൻ റോഡ്
text_fieldsകുന്നിക്കോട്: പൂര്‍ണമായും തകര്‍ന്ന് ഗതാഗതം ബുദ്ധിമുട്ടിലായ കിണറ്റിന്‍കര-ശാസ്ത്രി ജങ്ഷന് റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. നിരവധി തവണ വാഗ്ദാനങ്ങൾ നല്‍കിയശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാതയുടെ നവീകരണോദ്ഘാടനം നടത്തിയത്.
എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പാതയാണിത്. റോഡ് മോശമായതോടെ ദിവസം രണ്ടുതവണയുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവിസും നാലുവർഷം മുമ്പ് നിലച്ചു.
റീടാറിങ്ങിന്റെ പേരില്‍ പലഭാഗങ്ങളിലും നിലവിലെ ടാറിങ് ഇളക്കിമാറ്റിയിരുന്നു. ഇവിടെ വലിയ കുഴികൾ രൂപപ്പെട്ടു. മഴപെയ്താല്‍ പാതയില്‍ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനയാത്രികർ അപകടത്തില്‍പെടുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കിണറ്റിൻകര ഭാഗത്തേക്ക് ഓട്ടോറിക്ഷകൾ പോലും സര്‍വിസ് നടത്താറില്ല. 2015ല്‍ നടന്ന സമരത്തിന് പിന്നാലെയാണ് റോഡ് നവീകരണമെന്ന പ്രഖ്യാപനമുണ്ടായത്. വിദ്യാർഥികളും തൊഴിലാളികളും കൂടുതലായി ഉപയോഗിക്കുന്ന പാതയായിരുന്നു ഇത്. യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. റോഡ് നവീകരണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഗതാഗതം തടഞ്ഞ് ജനകീയ പ്രതിഷേധം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.