അയണോക്സൈഡ് കട്ട നിര്‍മിച്ച് കെ.എം.എം.എല്‍
text_fieldsകൊല്ലം: കെ.എം.എം.എല്ലിലെ ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണോക്സൈഡിനെ നിർമാണത്തിനാവശ്യമായി ബ്രിക്കുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം കെ.എം.എം.എല്ലില്‍ ആരംഭിച്ചു. ഇഷ്ടികയുടെ വലിപ്പത്തിലുള്ള ബ്രിക്കുകളാണ് ആദ്യഘട്ടമായി നിർമിക്കുന്നത്. അയണോക്സൈഡ് ഇഷ്ടിക നിർമാണ യൂനിറ്റ് ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. കമ്പനിയിലെ എന്വിയോണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വൈവിധ്യവത്കരണം. ആദ്യഘട്ടമായി എട്ട് ലക്ഷം ഇഷ്ടികകള്‍ നിര്‍മിക്കും. കമ്പനിക്ക് അകത്തെ വിവിധ നിർമാണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അയണോക്സൈഡ് ഇഷ്ടികകള്‍ ഉപയോഗിക്കുക. ചുറ്റുമതില്‍ നിർമാണം, വിവിധ പ്ലാന്റുകളിലെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍, ഗാര്ഡന് ഡിസൈനിങ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ബ്രിക്കുകള്‍ ഉപയോഗിക്കാനാകും.
നേരത്തെ സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്തിരുന്നു. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം നിലവില്‍ കമ്പനിയില്‍ നടക്കുകയാണ്. അഞ്ച് ടണ്‍ അയണ്‍ സിന്ററുകളാണ് നേരത്തെ കള്ളിയത്ത് ടി.എം.ടിയിലേക്ക് അയച്ചത്. അവ ഉപയോഗിച്ച് ടി.എം.ടി കമ്പികളും ഇരുമ്പ് ബാറുകളും നിർമിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.
ഉല്പാദനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയോണോക്സൈഡ് വലിയ പോണ്ടുകളില്‍ സംരക്ഷിച്ചിരിക്കുകയാണ് നിലവില്‍. പുതിയ സാങ്കേതികവിദ്യകളും വൈവിധ്യവത്കരണവും അയണോക്സൈഡ് മൂലമുണ്ടാകുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.