കൊല്ലം-ആയൂർ സംസ്ഥാന പാത: ബസുകൾ കടത്തിവിട്ടുതുടങ്ങി
text_fieldsഇരവിപുരം: ജനകീയസമിതിയുടെ ഇടപെടലിനെത്തുടർന്ന് കൊല്ലം-ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ ബൈപാസ് ജങ്ഷനിൽ കൊല്ലം, കണ്ണനല്ലൂർ ഭാഗങ്ങളിലേക്ക് ബസുകൾ കടത്തിവിട്ടുതുടങ്ങി. ദേശീയപാതയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് ബസുകൾ തടഞ്ഞിരിക്കുകയായിരുന്നു. അയത്തിൽനിന്ന് കല്ലുംതാഴം, പാൽക്കുളങ്ങര എന്നീ വഴികളിലൂടെ ചുറ്റിക്കറങ്ങിയാണ് ബസുകൾ കൊല്ലത്തേക്ക് പോയിരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ അയത്തിൽ നിസാമും ജനകീയ സമിതിയും കലക്ടർക്കടക്കം നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ദേശീയപാത പുനർനിർമാണത്തിനായി കരാർ എടുത്തിട്ടുള്ള കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ജനകീയ സമിതി പ്രവർത്തകരുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ബാരിക്കേഡുകൾ നീക്കിവെച്ച് ഇരുവശത്തേക്കും ബസുകൾ കടന്നുപോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയുമായിരുന്നു. കൊല്ലം ഭാഗത്തേക്ക് പോകുന്ന ബസുകൾ ബൈപാസ് ഭാഗത്തുനിർത്തി യാത്രക്കാരെ കയറ്റരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.