അറ്റകുറ്റപ്പണിക്ക് സൗകര്യമില്ലാതെ കൊല്ലം ബോട്ട് ജെട്ടി
text_fieldsകൊല്ലം: കേടാകുന്ന ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താനാവാതെ കൊല്ലം ബോട്ട് ജെട്ടി. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആസ്ഥാനമായ ആലപ്പുഴയിൽ എത്തിച്ചാണ് ബോട്ടുകൾ അറ്റകുറ്റപണി നടത്തിയിരുന്നത്. ദേശീയ ജലപാതയിൽ തൃക്കുന്നപുഴയിൽ പാലം പണി നടക്കുന്നതിനാൽ അതുവഴി ബോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതാണ് പ്രശ്നം. ആലപ്പുഴയിൽ നിന്ന് ജീവനക്കാർ കൊല്ലത്ത് എത്തിയാണ് അറ്റുകുറ്റപ്പണി നടത്തുന്നത്. അസൗകര്യങ്ങൾക്കിടയിലെ അറ്റകുറ്റപ്പണി പലപ്പോഴും അപകടവും സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു ബോട്ട് തലകീഴായി മറിഞ്ഞു മുങ്ങി. കൊല്ലം-കുരീപ്പുഴ പ്ലാവറക്കടവിലേക്ക് സർവീസ് നടത്തിയിരുന്ന എസ് 17 ബോട്ടാണ് മുങ്ങിയത്. ജെട്ടിയിൽ സുരക്ഷിതമായി അടുക്കുന്നതിന് ബോട്ടിന്റെ വശങ്ങളിൽ ഇരുമ്പുപട്ട പിടിപ്പിക്കുന്നതിനിടെ പിൻഭാഗം മുങ്ങുകയായിരുന്നു. ബോട്ട് കേടായതിനാൽ കുറച്ചു നാളായി സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.
അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാനും നിർവാഹമില്ലാതായി. ഒടുവിൽ ആലപ്പുഴയിൽ നിന്ന് ജീവനക്കാർ എത്തിയെങ്കിലും വർക്ക് ഷോപ്പ് സംവിധാനം ഇല്ലാത്തത് തടസമായി. അതുകൊണ്ട് 200 ലിറ്ററിന്റെ നാല് ബാരലിൽ വെള്ളം നിറച്ച് ബോട്ട് ചരിച്ച് നിർത്തിയാണ് പണികൾ നടത്തിയത്. ഈ വെള്ളം ചോർന്ന് ജീവനക്കാർ അറിയാതെ ഹള്ളിലേക്ക് ഒഴുകുകയും ബോട്ട് മറിയുകയുമായിരുന്നു. ഹള്ളിലെ വെള്ളം വറ്റിച്ചാണ് മുങ്ങിയ ബോട്ട് പൊക്കിയത്. സർവീസ് ബോട്ടുകൾക്ക് തകരാർ സംഭവിച്ചാൽ പകരം ബോട്ട് എത്തിക്കാനും പാലം പണി കാരണം ഇപ്പോൾ സൗകര്യമില്ല. അതുമൂലം പല സർവീസുകളും നിർത്തി. കൊല്ലം സ്റ്റേഷനിൽനിന്ന് സീ അഷ്ടമുടി സ്പെഷൽ സർവീസും പേഴുംതുരുത്ത് സർവീസും മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.