കൊല്ലം സിറ്റി റോഡ് വികസന പദ്ധതി: നടപടികൾ വേഗത്തിലാക്കും
text_fieldsകൊല്ലം: സിറ്റി റോഡ് വികസന പദ്ധതികൾ വേഗത്തിലാക്കാനൊരുങ്ങി കോർപറേഷൻ. ഭൂമി ഏറ്റെടുക്കലിനടക്കം ആവശ്യമായ കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധന, പൊതുമാരാമത്ത് വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകി. മേവറം മുതൽ കാവനാട് വരെയുള്ള പഴയ ദേശീയപാത, ചെമ്മാൻമുക്ക്-അയത്തിൽ, താലൂക്ക് ഓഫിസ് ജങ്ഷൻ-ജില്ല ആശുപത്രി-ലക്ഷ്മിനട, ഹൈസ്കൂൾ ജങ്ഷൻ-കടവൂർ ബൈപാസ്, കോളജ് ജങ്ഷൻ-തുമ്പറ-അമൃതകുളം എന്നിവയാണ് സിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുക. ആദ്യഘട്ടത്തിൽ 365 കോടി രൂപ ഇതിനായി സർക്കാർ അനുവദിച്ചിരുന്നു.
എന്നാൽ, സ്ഥലം ഏറ്റെടുക്കൽ അടക്കം വിവിധ ചെലവുകൾക്ക് 688 കോടിയിലധികം രൂപ വേണ്ടിവരും. ഇത്രയും ഭീമമായ തുക കണ്ടെത്താൻ കോർപറേഷന് സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ തുക സർക്കാറിൽനിന്ന് അനുവദിപ്പിക്കാനാണ് നീക്കം.
ജനസാന്ദ്രതയേറിയ നഗരമേഖലയിൽ റോഡ് വികസിപ്പിക്കുമ്പോൾ ആവശ്യമായിവരുന്ന കുടിയൊഴിപ്പിക്കൽ, നഷ്ടപരിഹാര വിതരണം എന്നിവയടക്കം പദ്ധതിക്ക് കടമ്പകൾ ഏറെയാണ്. എങ്കിലും സർക്കാർ കൂടുതൽ തുക അനുവദിച്ചാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയക്കാനാവുമെന്നാണ് കോർപറേഷൻ പ്രതീക്ഷ.
കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യത്തോട് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും അനൂകുല സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മേയർ പ്രസന്ന ഏണസ്റ്റ് ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാതക്ക് ഭൂമി ഏറ്റെടുത്ത മാതൃകയിൽ മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ് ആണ് കോർപറേഷൻ ആഗ്രഹിക്കുന്നത്.
സർക്കാർ തുക അനുവദിച്ചാൽ പ്രാരംഭ നടപടികൾ തുടങ്ങാനാണ് ആലോചന. മേവറം-ചിന്നക്കട-കാവനാട് പാത 21 മീറ്റർ വീതിയിലും താലൂക്ക് ഓഫിസ് ജങ്ഷൻ-ലക്ഷ്മിനട റോഡ് 11 മീറ്റർ വീതിയിലും ചെമ്മാൻമുക്ക്-അയത്തിൽ റോഡ് 13 മീറ്റർ വീതിയിലും വികസിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
റോഡുകളുടെ വീതിക്കുറവാണ് ജില്ല ആസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. വീതികൂടിയ കൂടുതൽ റോഡുകൾ, ഓടകൾ, നടപ്പാതകൾ എന്നിവ ഒരുക്കുന്നതോടെ നഗരത്തിന് പുതിയ മുഖം നൽകാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.