കൊല്ലം കലക്ടറേറ്റ് സ്ഫോടനം: കുറ്റപത്രം വായന വ്യാഴാഴ്ച
text_fieldsകൊല്ലം: 2016 ജൂൺ 15ന് കൊല്ലം കലക്ടറേറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം വായിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച കുറ്റപത്രം വായിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേസിലെ മുഴുവൻ പ്രതികളെയും ഹാജരാക്കാതിരുന്നതിനാലാണ് മാറ്റിയത്.
മധുര സ്വദേശികളായ ഒന്നും മൂന്നും പ്രതികൾ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. മറ്റു രണ്ടു പ്രതികളായ കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരെ എത്തിച്ചിരുന്നില്ല. ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ സ്ഫോടനത്തിലും പ്രതികളായ ഇവരെ അവിടത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസിലെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ നേരത്തേ അതീവ സുരക്ഷയിൽ കർണാടക പരപ്പന അഗ്രഹാര ജയിലിലാണ് കഴിഞ്ഞിരുന്നത്. ആന്ധ്രയിലെ ചിറ്റൂരിലുണ്ടായ സ്ഫോടനത്തിലും ഇവർ പ്രതികളാണ്. അതുകൊണ്ട് ഇവരെ ചിറ്റൂരിലെ ജയിലിലേക്ക് മാറ്റിയിരുന്നു.
നാലു പ്രതികളെയും ഹാജരാക്കണമെന്ന കർശന നിർദേശത്തോടെയാണ് കുറ്റപത്രവായന 13ലേക്ക് കോടതി മാറ്റിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സേതുനാഥാണ് കേസിൽ ഹാജരായത്.
2016 ജൂൺ 15ന് രാവിലെ 10.50ഓടെയാണ് കൊല്ലം കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്നത്. ഏഴ് വർഷത്തോളമായിട്ടും കേസിന്റെ വിചാരണ ആരംഭിച്ചില്ല. തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിലാണ് ബോംബ് വെച്ചത്. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്.
ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വെച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. കൊല്ലത്തിന് പിന്നാലെ മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂരു എന്നിവിടങ്ങളിലും ഇതേ സംഘം സ്പോടനങ്ങൾ നടത്തിയിരുന്നു. എത്രയും വേഗം കേസിന്റെ വിചരണ നടപടികൾ ആരംഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.