ലഹരിയെ ഒറ്റക്കെട്ടായി നേരിടാൻ കോർപറേഷൻ
text_fieldsകൊല്ലം: യുവതലമുറയെ കാർന്നുതിന്നുന്ന ലഹരിവിപത്തിനെതിരെ ഒറ്റക്കെട്ടായ കാമ്പയിനുമായി രംഗത്തിറങ്ങാൻ കോർപറേഷൻ കൗൺസിൽ. കാമ്പയിൻ എങ്ങനെ വേണം എന്നത് സംബന്ധിച്ച് കൂട്ടായ ചർച്ചയിലൂടെ സമവായത്തിലെത്താമെന്ന് മേയർ ഹണി ബെഞ്ചമിൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു.ഇടപെടൽ നടത്തുമ്പോൾ യാതൊരുവിധ ശിപാർശയുമായി ഒരു ജനപ്രതിനിധിയും വരരുതെന്നും മേയർ മുന്നറിയിപ്പ് നൽകി. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാരും ലഹരി വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് വാദമുയർത്തി.
ലഹരി കാമ്പയിൻ അനിവാര്യമാണെന്ന് ഡെപ്യൂട്ടി മേയർ എസ്. ജയൻ പറഞ്ഞു. തൊട്ടടുത്ത് താമസിക്കുന്ന ഇതര മതസ്ഥരെ ആക്രമിക്കാൻ പഠിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് മറ്റ് പ്രശ്നങ്ങളുടെയും അടിസ്ഥാനമെന്ന് ഡെപ്യൂട്ടി മേയർ കൂട്ടിച്ചേർത്തു. അരാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാമ്പസിൽ ലഹരി നിറയുന്നതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. സവാദ് പറഞ്ഞു.
കൊല്ലം ബീച്ചിന്റെ കിഴക്കൻ മേഖല, ക്യു.എ.സി റോഡ്, അഡ്വൈഞ്ചർ പാർക്ക് എന്നിവിടങ്ങൾ ഉൾപ്പെടെ നഗരത്തിൽ ലഹരി ഉപയോക്താക്കളുടെയും വിൽപനക്കാരുടെയും കേന്ദ്രമാകുകയാണെന്ന് കൊല്ലം മധു പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ കൂട്ടിച്ചേർത്ത് കാമ്പയിൻ അടിയന്തരമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ പരിധിയിലെ സർക്കാർ സ്കൂളുകളിൽ ലഹരി കാരണമുള്ള പ്രശ്നങ്ങൾ രൂക്ഷമാണെന്ന് ടി.ജി. ഗിരീഷ് പറഞ്ഞു.
കുടിവെള്ളം, മാലിന്യം ഉൾപ്പെടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക ചർച്ച വിളിക്കണമെന്ന് ജോർജ് ഡി. കാട്ടിൽ ആവശ്യപ്പെട്ടു. സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിലെ അലങ്കാരങ്ങളും വലിയ ചർച്ചയായി. പാർട്ടി അലങ്കാരങ്ങൾ വെക്കാൻ അപേക്ഷ നൽകിയിരുന്നതായും മൂന്നര ലക്ഷം രൂപ പാർട്ടിക്ക് കോർപറേഷൻ പിഴ നോട്ടീസ് നൽകിയതായും എ.കെ. സവാദ് പറഞ്ഞു. ഇക്കാര്യം മേയറും സ്ഥിരീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, കൗൺസിലർമാരായ ടി.ആർ. അഭിലാഷ്, എം. പുഷ്പാംഗദൻ, എ. നൗഷാദ്, വി. സന്തോഷ്, എൻ. ടോമി, എം.എച്ച്. നിസാമുദീൻ, ഷൈലജ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടി
ഇനി മുതൽ വഴിയോരത്ത് ആര് പുതിയ ബങ്കുകൾ സ്ഥാപിച്ചാലും ഉടൻ എടുത്തുമാറ്റുമെന്ന് മേയർ ഹണി ബെഞ്ചമിൻ. ബങ്കുകൾ റസ്റ്റാറന്റുകൾ പ്രവർത്തിക്കുന്നതുപോലെ പഅനുവദിക്കില്ല. നഗരദരിദ്രർക്ക് ആണ് തെരുവിൽ കച്ചവടം നടത്താൻ അനുമതി ഉള്ളത്. എന്നാൽ, അനധികൃത കച്ചവടങ്ങളും നിർമാണങ്ങളും വഴിയോരത്ത് വർധിക്കുകയാണ്. ഇത് അനുവദിക്കാൻ കഴിയില്ല. അനധികൃത കച്ചവടത്തിനെതിരെ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിൽ കൊല്ലം കോർപറേഷൻ ഏറെ പിറകിലാണ്. ഉദ്യോഗസ്ഥർ നടപടിക്ക് പോകുമ്പോൾ ജനപ്രതിനിധികൾ ഇടപെടാൻ പോകരുതെന്നും മേയർ പറഞ്ഞു.
പാലിയേറ്റീവിൽ സ്ഥിതി മോശം
നഗരത്തിൽ പലയിടത്തും പാലിയേറ്റീവ് കെയർ കേന്ദ്രങ്ങളിൽ നഴ്സുമാരുടെ അഭാവം സ്ഥിതി രൂക്ഷമാക്കുന്നതായി കൗൺസിലിൽ സോമരാജൻ പരാതിയുന്നയിച്ചു. കൗൺസിലറുടെ പരാതി യാഥാർഥ്യമാണെന്നും യോഗ്യരായ നഴ്സുമാരെ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും സ്ഥിരംസമിതി അധ്യക്ഷ യു. പവിത്ര പറഞ്ഞു. നിയമപ്രശ്നം ഇല്ലെങ്കിൽ ജെ.എൻ.എം, എ.എൻ.എം യോഗ്യത ഉള്ള പാലിയേറ്റീവ് പ്രവർത്തി പരിചയമുള്ള നഴ്സുമാരെ എടുക്കുന്ന കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മേയറും ഡെപ്യൂട്ടി മേയറും വിഷയം അടിയന്തര നടപടി ആവശ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി.
രാത്രിയിലെ കടകൾക്ക് പൂട്ടിടണമെന്ന്
നഗരത്തിനുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ തടയാൻ രാത്രി വൈകി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്ക് പൂട്ടിടണമെന്ന് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സവാദ്. ലഹരി പ്രശ്നങ്ങളെ കുറിച്ച് സൂചിപ്പിക്കവെയാണ് ക്യൂ.എ.സി റോഡിൽ ഉൾപ്പെടെ രാത്രിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി രാത്രി പത്തോടെ കടകൾ അടക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത്. പൊലീസ് ഉൾപ്പെടെ ഈ അഭിപ്രായമാണ് പങ്കുവെക്കുന്നതെന്നാണ് സ്ഥിരംസമിതി അധ്യക്ഷൻ കൗൺസിലിൽ പറഞ്ഞത്. നൈറ്റ് സ്ട്രീറ്റ് ഒരുക്കുമെന്ന് ബജറ്റിൽ പദ്ധതിവരെയിട്ടിട്ടുള്ള കോർപറേഷനിൽ ആണ് രാത്രി 10 ആകുമ്പോൾ കടകൾ പൂട്ടിടാൻ നോട്ടീസ് കൊടുക്കണമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ തന്നെ ആവശ്യപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.