കൊല്ലം കോർപറേഷൻ: പൊതുടാപ്പുകൾ നിർത്തലാക്കും
text_fieldsകൊല്ലം: കോർപറേഷനിലെ പൊതു ടാപ്പുകൾ ഉടൻ നിർത്തലാക്കും. അമൃത് പദ്ധതിയിലൂടെ ഗാർഹിക കണക്ഷൻ ലഭിച്ച മേഖലകളിലെ പൊതുടാപ്പുകളാകും നിർത്തലാക്കുക. ഓരോ ഡിവിഷനിലും ആവശ്യമില്ലാത്ത പൊതുടാപ്പുകളുടെ പട്ടിക സമർപ്പിക്കാൻ കൗൺസിലർമാർക്ക് നിർദേശം നൽകി.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ 15000 ഗാർഹിക കണക്ഷൻ നൽകി. നേരേത്തയുള്ളതും ചേർത്ത് നഗരത്തിൽ ഏകദേശം 54000 ഗാർഹിക കകേ്ഷനുകളായി. കൂടുതൽ ഗാർഹിക കണക്ഷനുകളുള്ളതും കാര്യമായ കുടിവെള്ളക്ഷാമം ഇല്ലാത്തതുമായ മേഖലയിലെ പൊതുടാപ്പുകൾ നിർത്തലാക്കാനാണ് ആലോചന.
അധ്യാപകരും വിദ്യാർഥികളും കോവിഡ് പോസിറ്റിവായി ക്ലസ്റ്ററുകൾ രൂപം കൊണ്ടിട്ടും ചില കോളജുകളും സ്കൂളുകളും വിവരം മറച്ചു െവച്ച് ക്ലാസുകൾ നടത്തുന്നതിനാൽ ഡിവിഷൻ കൗൺസിലർമാർ വിവരങ്ങൾ ശേഖരിച്ച് കോർപറേഷനെ അറിയിക്കണമെന്ന് ആരോഗ്യ സമിതി അധ്യക്ഷ യു. പവിത്ര കൗൺസിൽ യോഗത്തിൽ പറഞ്ഞു. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ നടത്തുമെന്നും ആംബുലൻസ് സൗകര്യം എർപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ടൗൺ ഹാളിന്റെ നവീകരണത്തിന് വേണ്ടി ഇടക്കിടെ പണം ചെലവാക്കുന്നതിലൂടെ കോർപറേഷന്റെ ഖജനാവ് വൻതോതിൽ ചോരുകയാണെന്ന് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. ടൗൺഹാളിന്റെ നവീകരണത്തിന് പത്ത് വർഷം മുന്നിൽ കണ്ടുള്ള രൂപരേഖ തയാറാക്കാൻ മേയർ മരാമത്ത് സ്ഥിരംസമിതിക്ക് നിർദേശം നൽകി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ബസ് ടെർമിനൽ എന്ന വർഷങ്ങൾ പഴക്കമുള്ള പദ്ധതി നടപ്പാകാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ബി.ജെ.പി കൗൺസിലർ ടി.ജി. ഗിരീഷ് ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തി വിട്ടുനൽകിയ ഈ ഭൂമി ആ സമയത്തെ കോർപറേഷൻ അധികൃതർ പോക്കുവരവ് നടത്താഞ്ഞത് കൊണ്ടാണ് നഷ്ടമായതെന്ന് മുൻ മേയർ ഹണി ബഞ്ചമിൻ പറഞ്ഞു. കോർപറേഷൻ ഭൂമി മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും സ്വകാര്യ വ്യക്തികളുടെ ഭൂമി അന്യായമായി പിടിച്ചെടുക്കാനും ശ്രമിക്കില്ലെന്നും മേയർ പ്രസന്ന ഏണസ്റ്റ് മറുപടി നൽകി.
കോവിഡ് കാലത്ത് കോർപറേഷൻ നൽകിയ വാടകയിളവ് അർഹരായ വ്യാപാരികൾക്ക് നൽകണമെന്നും അടച്ചിടൽ സമയത്ത് തുറന്ന പച്ചക്കറി, പല വ്യാജ മെഡിക്കൽ സ്റ്റോർ എന്നിവക്ക് വാടകയിളവ് നൽകില്ലെന്നും ക്ഷേമസമിതി അധ്യക്ഷൻ എസ്. ജയൻ പറഞ്ഞു. പൂർണമായും അടഞ്ഞുകിടന്ന പാരലൽ കോളജുകൾക്ക് വാടകയിളവ് അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാടകയിളവ് അർഹിക്കുന്ന വ്യാപാരികളെ ധനസ്ഥിതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് െഡപ്യൂട്ടി മേയർ കൊല്ലം മധു അറിയിച്ചു.
നഗരത്തിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കാൻ ധാരണപത്രം ഒപ്പിട്ട ഇ-സ്മാർട്ട് കമ്പനിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച കരാർ റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള തുടർനടപടിയാണെന്ന് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉദയകുമാർ പറഞ്ഞു. മൊബിലിറ്റി ഹബ്ബ് ലക്ഷ്യമിടുന്ന എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ ലോറിത്താവളത്തിന് പകരം സ്ഥലം കണ്ടെത്താൻ തീരുമാനിച്ചു. ബാങ്കിൽ നിന്ന് വായ്പ എടുത്താണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മേയർ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സവാദ്, കൗൺസിലർമാരായ സജീവ് സോമൻ, നിസാമുദ്ദീൻ, രാജു നീലകണ്ഠൻ, ടോമി, പുഷ്പൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.