കൊല്ലം: ജില്ല കലോത്സവം അപ്പീലുകൾ തീർപ്പായി; അറബനമുട്ടിൽ വമ്പൻ ‘അട്ടിമറി’
text_fieldsകൊല്ലം: ജില്ല കലോത്സവ ഫലങ്ങളെ ചോദ്യചെയ്ത് ലഭിച്ച അപ്പീലുകളിൽ വാദം കേട്ട് തീർപ്പാക്കി. നൂറിലധികം ഇനങ്ങളിലായി 228 അപ്പീലുകൾ ലഭിച്ചതിൽ 33 എണ്ണം അനുവദിച്ചു. എച്ച്.എസ് വിഭാഗം അറബനമുട്ടിൽ വമ്പൻ ‘അട്ടിമറി’യുമായാണ് അപ്പീൽ തീർപ്പാക്കിയത്.
എച്ച്.എസ്.എസ് നാടകത്തിന്റെ അപ്പീൽ അനുവദിച്ച തീരുമാനത്തിനെതിരെയും പരാതി ഉയർന്നു. ജില്ല സ്കൂൾ കലോത്സവ ഫലപ്രഖ്യാപനത്തിൽ എച്ച്.എസ് വിഭാഗം അറബനമുട്ടിന് പൂജ്യം മാർക്ക് വാങ്ങിയ തഴവ ഗവ. എ.വി.ബി.എച്ച്.എസിന്റെ അപ്പീലാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അനുവദിച്ചത്. ഈ വിഭാഗത്തിൽ അഞ്ച് പോയന്റും നേടി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ തൃപ്പലഴികം ലിറ്റിൽ ഫ്ലവർ എച്ച്.എസിന്റെ അപ്പീലിനെ പിന്തള്ളിയാണ് ഒരു പോയന്റും നേടാത്ത സ്കൂളിന്റെ അപ്പീൽ അനുവദിച്ചത്.
പൂജ്യം മാർക്ക് വാങ്ങി അയോഗ്യതയായ സ്കൂളിന് അപ്പീൽ നൽകാൻ പോലും അർഹതയില്ലെന്ന് തൃപ്പലഴികം ലിറ്റിൽ ഫ്ലവർ സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആകെ രണ്ട് അപ്പീൽ ലഭിച്ച എച്ച്.എസ് അറബനമുട്ടിൽ ഒന്നും അനുവദിച്ചില്ലെന്നും ഒന്നാം സ്ഥാനക്കാർ മാത്രം സംസ്ഥാനത്ത് കളിക്കട്ടെ എന്നുമാണ് തങ്ങളോട് ജില്ല വിദ്യാഭ്യാസ അധികൃതർ പറഞ്ഞതെന്നും അവർ ആരോപിക്കുന്നു.
അപ്പീൽ അനുവദിച്ച പട്ടിക പുറത്തുവന്നതോടെ 161-ാം നമ്പറിൽ തഴവ സ്കൂളിന്റെ ‘അപ്പീൽ അനുവദിക്കുന്നു’ എന്ന് തന്നെ വന്നു. ഇക്കാര്യം അറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. ചൊവ്വാഴ്ച പ്രതിഷേധമറിയിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
തഴവ ഗവ. എ.വി.ബി.എച്ച്.എസ് ഉപജില്ലയിൽ നിന്നുള്ള അപ്പീലിന്റെ ബലത്തിലാണ് ജില്ലയിലും മത്സരിച്ചത്. നാടകഅപ്പീൽ അനുവദിച്ചതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തേവള്ളി ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് ആണ് രംഗത്തുവന്നത്.
ജില്ല കലോത്സവത്തിൽ കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ് ടീമിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. രണ്ടാംസ്ഥാനക്കാരയ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് ടീമിന്റേത് ഉൾപ്പെടെ ആറ് അപ്പീലാണ് ഡി.ഡി.ഇക്ക് ലഭിച്ചത്.
മൂന്നാംസ്ഥാനം ലഭിച്ച കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ടീമിന്റെ അപ്പീൽ ആണ് അനുവദിച്ചത്. ഇതിനെതിരെ ഗവ. മോഡൽ ബോയ്സ് സംഘം ഡി.ഡി.ഒ ഓഫിസിൽ പ്രതിഷേധിച്ചു. അപ്പീലിന്റെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. നാടകങ്ങൾ കണ്ട് കാഞ്ഞിരകോട് സെന്റ് ആന്റണീസിന്റെ നാടകത്തിന്റെ കാര്യത്തിൽ ജൂറിയാണ് തീരുമാനമെടുത്തതെന്നും എല്ലാം നിയമപരമാണെന്നും ഡി.ഡി.ഇ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.