കൊല്ലം ജില്ല വികസനസമിതി യോഗം; വരൾച്ച: മുൻകരുതൽവേണം -കലക്ടർ
text_fieldsകൊല്ലം: ജില്ലയിൽ ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്. വരള്‍ച്ചക്കാലം മുന്നില്‍കണ്ട് ജില്ലയില്‍ കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ജലസേചനം ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്വാഭാവിക ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിക്കുകയും നീര്‍ച്ചാലുകളുടെ ഒഴുക്ക് തടയുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയും ഉണ്ടാകും. പൊതുകിണറുകള്‍, കുഴല്‍കിണറുകള്‍ തുടങ്ങിയവ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ചക്കാലം മുന്നില്‍കണ്ട് എല്ലാ പഞ്ചായത്തിലും കുടിവെള്ളലഭ്യതക്കായി ഒരു കുഴല്‍കിണര്‍ വീതം അനുവദിക്കണം എന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി പറഞ്ഞു. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ കനാലുകളും ബ്രാഞ്ച് കനാലുകളും ജലവിതരണത്തിന് തടസ്സമില്ലാതെ ശുചീകരിക്കണമെന്നും കൊല്ലം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് എതിര്‍വശം കൊട്ടാരക്കര-കുണ്ടറ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി ബസ് റൂട്ട് ക്രമീകരിക്കുകയും ബസ് സ്റ്റോപ് അനുവദിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ നിര്‍ദേശിച്ചു.
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്ത് പൂര്‍ത്തിയാക്കണമെന്നും സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാത്ത വിധം പദ്ധതികള്‍ രൂപവത്കരിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ പറഞ്ഞു. ദേശീയപാതനിര്‍മാണം മറ്റുവകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലന്ന് ഉറപ്പുവരുത്തണമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ പറഞ്ഞു. ‘ഗ്രാമവെളിച്ചം’ പദ്ധതിയുടെ സാക്ഷത്കരണത്തില്‍ അവസാനഘട്ടത്തില്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കണം.
10 കോടി ടെന്‍ഡര്‍ അനുവദിച്ച പൂതക്കുളം റോഡ് പണി ഉടനടി ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികജാതിക്കാരായ വിധവകള്‍ക്ക് അനുവദിച്ച തുക കുടിശ്ശിക അടക്കം ഉടനടി നല്കാന് സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ 16 കോടി അനുവദിച്ച പത്തനാപുരം ബൈപാസിന്റെ വസ്തു ഏറ്റെടുക്കല്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും റോഡ് പണിയുമായി ബന്ധപ്പെട്ട് പത്തനാപുരത്ത് ജലലഭ്യത തടസ്സമായത് പരിഹരിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രതിനിധി പി.എ. സജിമോന്‍ ആവശ്യപ്പെട്ടു.
പിറവന്തൂര്‍ പഞ്ചായത്ത് അലിമുക്ക്-അച്ചന്‍കോവില്‍ റോഡില്‍ കാട്ടാന ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് സോളാര്‍ ഫെന്‍സിങ് അടക്കം ഉള്ള നടപടികള്‍ കൈക്കൊള്ളണം എന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യമേഖലയായ പുനലൂരിലെ വിനോദസഞ്ചാരസാധ്യതകള്‍ പരിഗണിച്ച് ടൂറിസം സര്‍ക്യൂട്ടില്‍ ഉൾപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി.എസ്. സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അഞ്ചല്‍ വടമണ്ണില്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സാഹചര്യം ഗൗരവമായി കണ്ട് സ്കൂള്‍ ബസുകളും വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന മറ്റു ബസുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുനായ് ശല്യവും പേവിഷബാധയും കണക്കിലെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.ആര്. മഹേഷ് എം.എല്‍.എയുടെ പ്രതിനിധി ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ നടത്തിപ്പിന് പ്രശംസനീയമായ പ്രവര്‍ത്തനം നടത്തിയതിന് വിവിധ വകുപ്പുകളെ ജില്ല കലക്ടര്‍ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.