സി കാറ്റഗറിയിൽ കൊല്ലം ജില്ലയും; നിയന്ത്രണങ്ങള്‍ കടുക്കും
text_fieldsകൊല്ലം: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ജില്ലയും സി കാറ്റഗറിയിലായി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളാകുമ്പോഴാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തിനു മുകളിലാണ് ജില്ലയിലെ പോസിറ്റിവ് കേസുകൾ. വ്യാഴാഴ്ച 4511 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച 2421 പേരാണ് പോസിറ്റിവായതെങ്കിൽ ചൊവ്വാഴ്ച 4452 ആയി വർധിച്ചു. ബുധനാഴ്ച 4177 എന്നിങ്ങനെ കോവിഡ് കണക്കുകൾ ഉയർന്നു. മൂന്നു ദിവസം കൊണ്ട് 13140 പേരാണ് പോസിറ്റിവായത്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കുത്തനെ ഉയർന്നു. ഇതോടെയാണ് ജില്ല സി കാറ്റഗറിയിലേക്കെത്തിയത്. പൊതുപരിപാടികൾ ഉൾപ്പെടെ ഒരു ഒത്തുചേരലുകളും അനുവദിക്കില്ല. സിനിമാ തിയറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ പ്രവർത്തിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയി കുറച്ചു. മതപരമായ പ്രാർഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ ക്ലാസുകളും രണ്ടാഴ്ചത്തേക്ക് ഓൺലൈൻ മാത്രമായിരിക്കും. 10,12 അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ ഓഫ്ലൈനായി തുടരും. ഇത്തരം സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്നു ദിവസത്തെ ഹാജർ നില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണം.
റെസിഡൻഷ്യൽ സ്കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമാകില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കോവിഡ് 4511, രോഗമുക്തി 2940
കൊല്ലം: ജില്ലയില്‍ വ്യാഴാഴ്ച 4511 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം മൂലം 4464 പേര്‍ക്കും 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 2940 പേര് രോഗമുക്തി നേടി.
കൊല്ലം കോർപറേഷനിൽ 1107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭകളിൽ കരുനാഗപ്പള്ളി: 94, കൊട്ടാരക്കര: 88, പരവൂര്‍: 58, പുനലൂര്‍: 89 എന്നിങ്ങനെയാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.