കൊല്ലം ജില്ല സമ്പൂർണ ഡിജിറ്റൽ ബാങ്കിങ്ങിലേക്ക്
text_fieldsകൊല്ലം: സംസ്ഥാനത്തെ എല്ലാ ബാങ്കിങ് ഇടപാടുകാർക്കും ഡിജിറ്റൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ, സംസ്ഥാന ബാങ്കേഴ്സ് സമിതി, റിസേർവ് ബാങ്ക് എന്നിവ ജില്ലകളിലെ ലീഡ് ബാങ്കുകളുടെ സഹകരണത്തോടെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് കാമ്പയിൻ നടത്തുന്നു. 30 ഓടെ കൊല്ലം, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകൾ പൂർണമായും ബാങ്കിങ് രംഗത്ത് ഡിജിറ്റൽ ആവും.
ആഗസ്റ്റ് 15ന് രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ജില്ലതല റിവ്യൂ കമ്മിറ്റി യോഗത്തിൽ ജില്ല ഡെവലപ്മെന്റ് കമീഷണർ ആസിഫ് കെ. യൂസഫ്, റിസർവ് ബാങ്ക് ജനറൽ മാനേജർ ഡോ. സെഡ്രിക് ലോറെൻസിന് രേഖകൾ കൈമാറി. ബാങ്ക് ശാഖകളിൽ പോകാതെ തന്നെ ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കുന്ന ഡെബിറ്റ് കാർഡ്, ക്യു.ആർ. കോഡ്, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് സൗകര്യം, യു.പി.ഐ ആപ്പുകൾ തുടങ്ങിയ സേവനങ്ങൾ എല്ലാ ഉപഭോക്താക്കളിലും എത്തിക്കും.
ജില്ലയിലെ വായ്പാ നിക്ഷേപ തോത് 64.30 ശതമാനം
കൊല്ലം: ജില്ലയിലെ വായ്പാ നിക്ഷേപ തോത് 64.3 ശതമാനം. കാർഷികമേഖലയിൽ 5658 കോടി വായ്പ വിതരണത്തിന് ലക്ഷ്യമിട്ടെങ്കിലും 6948 കോടിയും വ്യവസായ സംരംഭങ്ങൾക്ക് 3630 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 8995 കോടിയും നൽകി.
മുൻഗണനാമേഖലയിൽ 13076 കോടിയുടെ സ്ഥാനത്ത് 18485 കോടി രൂപ വായ്പയായി എത്തിക്കാൻ ബാങ്കുകൾക്ക് കഴിഞ്ഞു. 2021-2022 കാലയളവിൽ ജില്ലയിലെ വിവിധ ബാങ്കുകൾ ലക്ഷ്യമിട്ടതിെനക്കാൾ 145 ശതമാനം അധികമായി നൽകി. പിന്നാക്ക വിഭാഗക്കാർക്ക് 20 ശതമാനം, പട്ടികജാതി പട്ടികവിഭാഗക്കാർക്ക് 74 , ദുർബല വിഭാഗക്കാർക്ക് ഒമ്പത് ശതമാനവും വായ്പകളിൽ വർധനയുണ്ടായി.
കഴിഞ്ഞ സാമ്പത്തികവർഷം 23299 കിസാൻ ക്രെഡിറ്റ് കാർഡ്, 5014 വിദ്യാഭ്യാസ വായ്പ,179 പി.എം.ഇ.ജി.പി ലോൺ, 11008 എസ്.എച്ച്.ജി അയൽക്കൂട്ട ലിങ്കേജ് വായ്പകളും നൽകി. ജില്ലയിൽ 59430 പേർ വാർധക്യകാല സുസ്ഥിര പെൻഷൻ പദ്ധതിയയായ അടൽ പെൻഷൻ യോജനയിൽ ചേർന്നു.
ഈ സാമ്പത്തിക വർഷം കാർഷികമേഖലയിൽ 6393 കോടി, വ്യവസായ മേഖലയിൽ 4100 കോടി, വിദ്യാഭ്യാസ ഭവനവായ്പ മേഖലയിൽ 4277 കോടിയും ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പയായി എത്തിക്കും. ജില്ലയിൽ 16465 കോടിയാണ് 2022 -23 സാമ്പത്തിക വർഷം വായ്പ്പക്കായി ബാങ്കുകൾ മാറ്റിെവച്ചിരിക്കുന്നുന്നത്. ജില്ലതല അവലോകന യോഗത്തിൽ റിസർവ് ബാങ്ക് ജനറൽ മാനേജർ ഡോ. സെഡറിക് ലോറൻസ്, ജില്ല വികസന കമീഷണർ ആസിഫ് കെ. യൂസഫ്, നബാർഡ് ജില്ല ഓഫിസർ ടി.കെ. പ്രേംകുമാർ, റിസർവ് ബാങ്ക് എൽ.ഡി.ഒ മിനി ബാലകൃഷ്ണൻ, ഇന്ത്യൻ ബാങ്കിന്റെ സോണൽ സോണൽ മാനേജർ എസ്. സെന്തിൽ കുമാർ, ലീഡ് ഡിസ്ട്രിക്ട് മാനേജർ ഡി.എസ്. ബിജുകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.