സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുതൽ കൊല്ലത്ത്
text_fieldsകൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ പകർച്ചപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും കഴിഞ്ഞ ദിവസത്തെ ആരോഗ്യവകുപ്പിന്റെ കണക്കിൽ ഡെങ്കിബാധിതരുടെ എണ്ണം വലിയതോതിൽ വർധിച്ചു.
37 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 42 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. എറണാകുളമാണ് ഡെങ്കിപ്പനി സ്ഥീകരിച്ചവരുടെ എണ്ണത്തിൽ രണ്ടാാമതുള്ളത് (17). മറ്റ് ജില്ലകളിലെല്ലാം പത്തിൽ താഴെയാണ് രോഗബാധിതരുടെ എണ്ണം.
അലപ്പാട്, ചാത്തന്നൂർ, ചിറക്കര, ഇടമുളയ്ക്കൽ, ഇരവിപുരം, എഴുകോൺ, കലയ്ക്കോട്, കൊട്ടാരക്കര, കുലശേഖരപുരം, പെരിനാട്, പൊഴിക്കര, ശൂരനാട്, തേവലക്കര, തൃക്കടവൂർ, തൃക്കോവിൽവട്ടം, ഉമയനല്ലൂർ, വെളിനല്ലൂർ, പടിഞ്ഞാറ കല്ലട എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശങ്ങളിൽ കൊതുകു നശീകരണമടക്കമുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
വൈറൽ പനി ബാധിച്ച് 711 പേരും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. 15 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. പനി ബാധിച്ച് ജില്ലയിൽ ഈയാഴ്ച വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയത് 3896 പേരാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴക്ക് ശമനമുണ്ടായെങ്കിലും മിക്കയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് മാറിയിട്ടില്ല. ഇത് കൊതുകുശല്യം വർധിക്കാൻ കാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രാമീണമേഖലയിൽ ഓടകൾ അധികവും മലിനജലം ഒഴുകിപ്പൊകാത്ത നിലയിലുമാണ്. മഴക്കാല പൂർവശുചീകരണം ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും അവതാളത്തിലായിരുന്നു. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഓടകളുടെ ശുചീകരണം, പൊതുസ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യൽ എന്നിവയിൽ തദ്ദേശസ്ഥാപനങ്ങൾ കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.