കൊല്ലം ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ
text_fieldsകൊല്ലം: ഒളിമ്പ്യൻ സുരേഷ്ബാബു മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിലേക്ക്. ഡിസംബറിൽ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും. ടെന്നീസ് കളിക്കാർക്കായുള്ള ചെയ്ഞ്ച് റൂം നിർമാണം പൂർത്തീകരിച്ചു.
രണ്ടായിരം പേർക്ക് ഇരുന്ന് കളികാണാൻ കഴിയുന്ന ഗ്യാലറി, പരിശീലനത്തിൽ ഏർപ്പെടുന്ന നൂറ്റമ്പത് കായികതാരങ്ങൾക്ക് താമസിക്കാനുള്ള മെൻസ് ഹോസ്റ്റൽ, സിമ്മിങ് പൂൾ എന്നിവയുടെ നിർമാണം പുരോഗതിയിലാണ്. നഗരമധ്യത്തിൽ പീരങ്കി മൈതാനത്ത് സർക്കാർ അനുവദിച്ച 3.6 ഏക്കർ ഭൂമിയിലാണ് 39 കോടി രൂപ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാവുന്നത്.
സ്റ്റേഡിയം നവീകരണം പുരോഗമിക്കുന്നു
സിന്തറ്റിക് ട്രാക്കുമായി ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം നവീകരണവും പുരോഗമിക്കുന്നു. പെയിന്റിങ്, ചോർച്ച അടയ്ക്കൽ, പവലിയന്റെ അറ്റകുറ്റപണി എന്നിവയാണ് നടക്കുന്നത്. ആധുനിക വാഷ് റൂമും ഒരുക്കുന്നു. ഒന്നരക്കോടി രൂപയാണ് കോർപറേഷൻ അനുവദിച്ചിരുന്നത്.
സിന്തറ്റിക് ട്രാക്കാണ് സ്റ്റേഡിയത്തിന്റെ സവിശേഷത. അഞ്ച് കോടിരൂപ ചെലവഴിച്ചുള്ള ട്രാക്കിന് എം. നൗഷാദ് എം.എൽ.എ കഴിഞ്ഞ ദിവസം തറക്കല്ലിട്ടു. സിന്തറ്റിക്ക് ഉപയോഗിച്ച് എട്ട് ട്രാക്കാണ് ഒരുക്കുന്നത്. സിന്തറ്റിക്കായി മാറുന്നതിൽ നിലവിലുള്ള രണ്ട് സാധാരണ ട്രാക്കും ഉൾപ്പെടും. 5.47 കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ചാണ് ട്രാക്ക് നിർമാണം.
ആറ് മാസത്തിനകം നിർമാണം പൂർത്തീകരിക്കും. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് സർക്കാർ അഞ്ച് കോടിരൂപ അനുവദിച്ചിട്ടുണ്ട്. ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ കായികവകുപ്പിന്റെ ഡയറക്ടറേറ്റിൽ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.