ജില്ല പഞ്ചായത്ത് യോഗം; 'മാലാഖക്കൂട്ടം' പദ്ധതി പൊതുവിഭാഗത്തിലേക്കും
text_fieldsകൊല്ലം: ജില്ല പഞ്ചായത്തിന്റെ 'മാലാഖക്കൂട്ടം' പദ്ധതി പൊതുവിഭാഗത്തിലേക്കുകൂടി വ്യാപിക്കാൻ നടപടികളെക്കുറിച്ച് ആലോചിക്കാമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്ത് യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ആര്.എസ്.പി അംഗം സി.പി. സുധീഷ്കുമാറാണ് മാലാഖക്കൂട്ടം പദ്ധതിയില്‍ ജനറല്‍ വിഭാഗക്കാരെക്കൂടി പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും ഇതിനെ അനുകൂലിച്ചു.
ജനറല്‍ ഫണ്ട് ഉപയോഗിച്ച് വനിതാ പ്രോജക്ട് ആയി ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ. ഗോപന് നിർദേശിച്ചു. നിലവിൽ പട്ടികജാതി, പട്ടികവര്ഗത്തില്പെട്ടവരില് ബി.എസ്സി നഴ്സിങ്ങും ജനറല്‍ നഴ്സിങ്ങും പാസായവര്‍ക്കാണ് പദ്ധതികൊണ്ട് ഗുണം. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണിപ്പോൾ പദ്ധതി നടപ്പാക്കുന്നത്. ജനറല്‍ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു.
12500-15000 രൂപ ശമ്പളത്തില്‍ ജനറൽ നഴ്സിങ്ങും ബി.എസ്സി നഴ്സിങ്ങും കഴിഞ്ഞവര്‍ക്ക് ജോലി നല്കുന്ന പദ്ധതിയാണ് മാലാഖക്കൂട്ടം. രണ്ട് വര്‍ഷം കൊണ്ട് 3.16 കോടി രൂപ ചെലവഴിച്ചു. വൃക്കരോഗബാധിതര്‍ക്ക് ആശ്വാസം പകരുന്ന 'ജീവനം' പദ്ധതിയിൽ അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും സഹായം നല്‍കുമെന്ന് പ്രസിഡൻറ് അറിയിച്ചു.
ജില്ല ആശുപത്രിയുടെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാന്‍ ശക്തമായ നടപടികളുണ്ടാവും. വിക്ടോറിയ ആശുപത്രിയിലേക്കുള്ള റോഡ് ആംബുലന്‍സിനുപോലും പോകാന്‍ കഴിയാത്തവിധമാണ് കൈയേറിയിരിക്കുന്നത്. അവിടെ സ്ഥാപിച്ചിട്ടുള്ള എടുപ്പുകള്‍ മുഴുവന്‍ ഉടന്‍ നീക്കം ചെയ്യും. ജില്ല ആശുപത്രി സ്ഥിതിചെയ്യുന്ന വസ്തുവില്‍ കൈയേറ്റമുണ്ടെങ്കില്‍ അത് അടിയന്തിരമായി ഒഴിപ്പിക്കും. ഭൂമി അളന്ന് തിരിക്കാനുള്ള നിയമപരമായ നടപടി ഉടന്‍ തുടങ്ങും. വയോജനങ്ങള്‍ക്കുള്ള ശ്രവണസഹായിയും ഗ്ലൂക്കോ മീറ്ററും വിതരണത്തിന് നടപടിയായതായി ക്ഷേമകാര്യസമിതി അധ്യക്ഷൻ അനില്‍ എസ്. കല്ലേലിഭാഗം അറിയിച്ചു. ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ ദിവസവേതന വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രസിഡൻറ് അറിയിച്ചു. ഹാച്ചറിയില്‍ പേരൻറ് സ്റ്റോക്ക് എത്തിയതോടെ നേരത്തേയുള്ള തൊഴിലാളികള്‍ മതിയാകാതെ വരുമ്പോഴാണ് താൽക്കാലിക തൊഴിലാളികളെ എടുക്കുന്നത്. വൈസ് പ്രസിഡൻറ് വി. സുമലാല്‍, സ്ഥിരം സമിതി അധ്യക്ഷരായ അനില്‍ എസ്. കല്ലേലിഭാഗം, വസന്ത രമേശ്, ജെ. നബീസത്ത്, അംഗങ്ങളായ ശ്രീജ ഹരീഷ്, എന്‍.എസ്. പ്രസന്നകുമാര്‍, സി. ബാള്‍ഡുവിന്‍, ഷൈന്‍കുമാര്‍, ജയശ്രീ വാസുദേവന്‍പിള്ള, എസ്. ശെല്‍വി, ആര്. രശ്മി, ബ്രിജേഷ് എബ്രഹാം എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.