കാൽനടക്കാരെ കാണാത്ത കാലം
text_fieldsകൊല്ലം: ചിന്നക്കടയിൽ പോയൊന്നു നിൽക്കണം, ഈ നാട്ടിലെ ഗതാഗത സംവിധാനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട കുറേ മനുഷ്യർ ജീവനും കൈയിൽപിടിച്ച് കടന്നുപോകാൻ പാടുപെടുന്നത് കാണാൻ. പത്ത് റോഡുകൾ സംഗമിക്കുന്ന, കൊല്ലത്തിന്റെ ഹൃദയമായ ചിന്നക്കട റൗണ്ട് എബൗട്ടിന് ചുറ്റുമായി കാൽനടയായി പോകുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പക്ഷേ കാണേണ്ടവർ ആരും കാണുന്നമട്ടില്ല. അവിടെ, ആ റോഡുകൾ മുറിച്ചുകടക്കാൻ നിൽക്കുന്നവരെ പരിഗണിക്കാൻ, അവരെയൊന്നു കാണാൻ അധികൃതർ എന്നാണിനി കണ്ണ് തുറക്കുന്നത്?
കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സഹായമൊരുക്കി നിർബന്ധമായും റോഡിലുണ്ടാകേണ്ട സീബ്രലൈനുകൾ കൊല്ലം നഗരത്തിന് സങ്കൽപം മാത്രമാണ്. അതിന്റെ നേർചിത്രമാണ് ചിന്നക്കട റൗണ്ട്.
പണ്ട് ഇവിടെ വരയുണ്ടായിരുന്നു എന്ന് ഓർമയുണർത്താൻ ഒരു റോഡിൽ പകുതി മാത്രം തെളിഞ്ഞുകിടക്കുന്ന സീബ്ര വരക്കപ്പുറം കാൽനടക്കാരെ വഴികാട്ടാൻ അവിടെ ഒന്നും തന്നെയില്ല. റെയിൽവേ ഓവർബ്രിഡ്ജിന്റെ തുടക്കത്തിലൊക്കെ റോഡ് ക്രോസ് ചെയ്യുന്നവർ ജീവനും പിടിച്ചുകൊണ്ട് കടന്നുപോകുന്നത് നിത്യകാഴ്ച. സീബ്രലൈനിൽ ക്രോസ് ചെയ്യാൻ നിൽക്കുന്നവരെ കാണുമ്പോൾ വേഗം കുറക്കണമെന്ന നിയമം പാലിക്കുന്നതിന് പകരം ‘വേഗം കൂടുന്ന’ വണ്ടിക്കാർ ആരെങ്കിലും ഇടിച്ചിട്ടാൽ ‘ഞാൻ സീബ്ര ലൈനിൽ കൂടിയാണ് ക്രോസ് ചെയ്തത്’ എന്ന് കോടതിയിൽ പോലും പോയി പറയാൻ ആളുകൾക്ക് സാധിക്കില്ല, കാരണം അവിടെ അങ്ങനെ ഒരു ലൈനേ ഇല്ല. സീബ്രലൈനിന് മുന്നിലുള്ള സ്റ്റോപ് ലൈനിൽ വാഹനം നിർത്തണമെന്ന നിയമവും ആരോടും പറയാൻ പറ്റില്ല. സീബ്രയും സ്റ്റോപ്പും ഒന്നും വരകളായി ഈ റോഡുകളിൽ ഇല്ലേയില്ല. എ.ഐ കാമറയൊക്കെയായി ഗതാഗത നിയമലംഘനം പിടിക്കുന്നത് ഹൈടെക് ആയപ്പോഴും നിരത്തിൽ ഏറ്റവും ബേസിക് ആയ റോഡ് സുരക്ഷ സംവിധാനം പോലും ഒരുക്കാൻ അധികൃതർ മെനക്കെടുന്നതേയില്ല എന്നത് കൊല്ലം നഗരത്തിൽ തെളിഞ്ഞുകാണാം.
ട്രാഫിക് സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും ഫ്രീലെഫ്റ്റ് സംവിധാനത്തിൽ സദാസമയം വാഹനങ്ങൾ കടന്നുപോകുന്നവയാണ് ചിന്നക്കടയിലെ റോഡുകളെല്ലാം. സീബ്രലൈനുകൾ പോലുമില്ലാത്ത സ്ഥിതി കൂടിയായതോടെ കാൽനടക്കാർക്ക് വലിയ ദുരിതമാണ് നേരിടേണ്ടിവരുന്നത്. ഇതേ കാഴ്ച നഗരത്തിലെ മറ്റ് പല പ്രധാന തിരക്കേറിയ ജങ്ഷനുകളിലും കാണാം. കൊല്ലം റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനുമുന്നിലെ റോഡിന് കുറുകെയുള്ള സീബ്രലൈനും മാഞ്ഞുകിടന്നിട്ട് കാലങ്ങളായി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരും അവിടേക്ക് ഓടിവരുന്നവരുമൊക്കെ റോഡ് മുറിച്ചുകടക്കാൻ പെടാപ്പാടാണ് അനുഭവിക്കുന്നത്. പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നു.
ട്രാഫിക് പൊലീസ് എൻഫോഴ്സ്മെന്റ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുപോലും ‘സീബ്രകളെ’ പുതിയതായി വരച്ചുചേർത്ത് റോഡുകൾ സുരക്ഷിതമാക്കാനുള്ള ഒരു നടപടിയും പി.ഡബ്ല്യു.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അപകടമുണ്ടായി ആരുടെയെങ്കിലും ജീവൻ പൊലിഞ്ഞതിന് ശേഷം പെയിന്റുമായി ഓടിയെത്താൻ ഇരിക്കുകയായിരിക്കും അധികൃതർ എന്ന് പറഞ്ഞ് പരിതപിക്കുകയല്ലാതെ പൊതുജനത്തിന് മുന്നിൽ മറ്റെന്ത്വഴി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.