ദ്വയാംഗത്വത്തിന്റെ ക്വയിലോൺ പഴമ
text_fieldsകൊല്ലം: കേരളം രൂപവത്കരിച്ചശേഷം ക്വയിലോൺ എന്ന കൊല്ലം മണ്ഡലമുണ്ടായതിനെതുടർന്നുള്ള 1957ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് രണ്ടംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അസുലഭ അവസരമുണ്ടായി. ഒരു മണ്ഡലത്തിൽനിന്ന് ജനറൽ വിഭാഗത്തിലും പട്ടികജാതി സംവരണ വിഭാഗത്തിലുമായി രണ്ടുപേരെ തെരഞ്ഞെടുക്കുന്നതാണ് ദ്വയാംഗ സംവിധാനം.
അതിന് മുമ്പ് 1952ൽ തിരുക്കൊച്ചിയുടെ ഭാഗമായിരിക്കെ നടന്ന ഒന്നാം ലോക്സഭ തെരഞ്ഞെടുപ്പിലും കൊല്ലത്തുകാർക്ക് രണ്ടുപേരെ തെരഞ്ഞെടുക്കാനായി. എന്നാൽ, ക്വയിലോൺ കം മാവേലിക്കര എന്ന പേരിലായിരുന്നു അന്ന് മണ്ഡലം. 1957ലെ തെരഞ്ഞെടുപ്പോടെ ദ്വയാംഗ മണ്ഡല സംവിധാനം അവസാനിക്കുകയും ചെയ്തു. കൊല്ലവും പാലക്കാടും ആയിരുന്നു കേരളത്തിലെ ദ്വയാംഗ മണ്ഡലങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിയായിരുന്നു ദ്വയാംഗ മണ്ഡലം തീരുമാനിച്ചിരുന്നത്.
കൊല്ലത്ത് സി.പി.ഐയുടെ വെന്നിക്കൊടി പാറിയ വർഷമായിരുന്നു 1957. സംവരണത്തിലും ജനറൽ വിഭാഗത്തിലും സി.പി.ഐ സ്ഥാനാർഥികൾ തകർപ്പൻ ജയം സ്വന്തമാക്കി. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ തന്നെ മികവുറ്റ രണ്ട് പ്രതിനിധികളായി മാറിയ പി.കെ. കൊടിയൻ, വി. പരമേശ്വരൻ നായർ (വി.പി. നായർ) എന്നിവരിലൂടെയായിരുന്നു വിജയം. സംവരണ വിഭാഗത്തിൽ 95,587 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ രാമചന്ദ്രദാസിനെ പി.കെ. കൊടിയൻ തോൽപിച്ചു. ആർ.എസ്.പിയുടെ കരുത്തൻ എൻ. ശ്രീകണ്ഠൻ നായരെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയ പോരാട്ടത്തിൽ 1,08,393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി. പരമേശ്വരൻ നായർ ജയിച്ചത്.
1952ൽ തിരുവിതാംകൂർ കൊച്ചിയിലെ ക്വയിലോൺ-മാവേലിക്കര മണ്ഡലത്തിൽ എം.പിയായിരുന്ന എൻ. ശ്രീകണ്ഠൻ നായർ 1957ലെ കനത്ത തോൽവി പഴങ്കഥയാക്കി നാലുതവണ കൊല്ലം മണ്ഡലം കൈപ്പിടിയിലൊതുക്കിയത് പിൽക്കാല ചരിത്രം. 52ൽ ക്വയിലോൺ-മാവേലിക്കര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച ആർ. വേലായുധനായിരുന്നു രണ്ടാം പ്രതിനിധിയായി ജയിച്ചത്. ആ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ സ്വതന്ത്രനായി ജയിച്ച വി. പരമേശ്വരൻ നായരാണ് അടുത്ത തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ശ്രീകണ്ഠൻ നായരെ തറപറ്റിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.