കോർപറേഷൻ കൗൺസിൽ യോഗം; നഗരത്തിൽ നടപ്പാതയും റോഡും കൈയേറി കച്ചവടമെന്ന്
text_fieldsകൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടപ്പാതയും റോഡും കൈയേറി വഴിയോരകച്ചവടം വർധിക്കുകയാണെന്നും ഇതുമൂലം റോഡപകടങ്ങൾ കൂടുന്നുണ്ടെന്നും കോർപറേഷൻ കൗൺസിൽ യോഗത്തിൽ പരാതി.
തീരദേശത്ത് പള്ളിത്തോട്ടം മുതൽ പോർട്ട് വരെയുള്ള നിവാസികൾക്ക് കരം അടക്കുന്ന രസീതിൽ ഓണർഷിപ് സ്ഥാനത്ത് ഗവൺമെന്റ് എന്ന് രേഖപ്പെടുത്തിയെന്നും തീരദേശ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കൽ നടക്കുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ ആശങ്ക രേഖപ്പെടുത്തി. കോർപറേഷൻ പരിധിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് കരാർ ഏറ്റെടുക്കുന്നവർ ലാഭമുള്ളവ മാത്രമാണ് ഏറ്റെടുക്കുന്നതെന്നും മറ്റുള്ളവ തഴയുകയാണെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് ആരോപിച്ചു.
മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് നൽകുന്ന വേസ്റ്റ് ബിന്നുകൾ എല്ലാ ഡിവിഷനിലും തുക അടച്ചവർക്ക് ലഭിക്കുന്നില്ലെന്നും യോഗത്തിൽ ചർച്ചയായി. കോർപറേഷൻ പരിധിയിൽ വാടകക്ക് താമസിക്കുന്നവർക്ക് റെസിഡന്റ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നത് കൗൺസിൽ യോഗം ചർച്ചചെയ്തു. ഒരേവീട്ടിൽ ഒന്നിലധികം വാടകക്കാർ താമസിക്കാറുണ്ട്. ഒരുവീട്ടുനമ്പറിൽ രണ്ട് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് മാത്രമേ നൽകുന്നുള്ളൂ. അതിനാൽ പുതിയ റേഷൻകാർഡിന് അപേക്ഷിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് യോഗത്തിൽ കൗൺസിലർമാർ ആരോപിച്ചു. ഇതിന് കാലതാമസംകൂടാതെ നടപടിയുണ്ടാവണമെന്നും ആവശ്യമുയർന്നു.
പല ഡിവിഷനുകളിലേയും തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്നും കരാർ നൽകിയിരിക്കുന്നവരുടെ അനാസ്ഥയാണ് അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. തീരദേശ മേഖലയിൽ കൈക്കുളങ്ങര ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. വാടി പ്രദേശത്തെ എയ്റോബിക്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ കുറവുണ്ടെന്നും കൈക്കുളങ്ങര ഡിവിഷനിൽനിന്നുള്ള കൗൺസിലർ ആരോപിച്ചു. കലക്ടറേറ്റിന്റെ പരിസരത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മാലിന്യം നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നും യോഗത്തിൽ കൗൺസിലർ ആവശ്യമുന്നയിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിമിതമായ ഫണ്ടുകൾ മാത്രമാണെന്നും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാനുള്ള നടപടി കൗൺസിൽ യോഗം കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ശുചിത്വ നഗര പ്രഖ്യാപനം എത്തിയിട്ടും നഗരത്തിന്റെ വിവിധപ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയൽ തുടരുകയാണെന്നും കൗൺസിലർ ആരോപിച്ചു.
സ്ട്രീറ്റ് ലൈറ്റ് സ്ഥിരമായി തെളിയിക്കാൻ കരാർ നൽകിയിട്ടുണ്ടെന്നും എല്ലാ സോണുകളിലും കരാറുകാരനുമായി ബന്ധപ്പെട്ട് തെളിയാത്ത തെരുവു വിളക്കുകൾ മാറി നൽകുന്നതാണെന്നും കൗൺസിൽ യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. പെൻഷൻ മാസ്റ്റിങ് ചെയ്യാത്തവർ ഉണ്ടെങ്കിൽ കോർപ്പറേഷനുമായി ബന്ധപ്പെടണമെന്നും റേഷൻ കാർഡ് നൽകിയാൽ പെൻഷൻ ലഭിക്കുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
2014ൽ 400 തെരുവോര കച്ചവടക്കാരാണ് കൊല്ലം കോർപറേഷനിൽ ഉണ്ടായിരുന്നത്. ഇന്നത് 1500 പേരുണ്ട്. വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കുമെന്നും മേയർ അറിയിച്ചു.
മാലിന്യ സംസ്കരണത്തിന് പ്രദേശവാസികൾ സഹകരിക്കാത്തതും കോർപറേഷൻ മാലിന്യ പ്ലാൻറ് ഇല്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.
മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അധ്യക്ഷരായ യു.പവിത്ര, എസ്. ജയൻ, സുജ കൃഷ്ണൻ, ഗീതാകുമാരി കൗൺസിലർമാരായ ഹണി, അനീഷ്കുമാർ, എൻ.ടോമി, സാബു, പുഷ്പാഗതൻ, മിനിമോൾ, കുരുവിള ജോസഫ് എന്നിവർ കൗൺസിലിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.