കൊല്ലം തുറമുഖം ഉടന്‍ സജീവമാക്കണം -മന്ത്രി
text_fieldsകൊല്ലം: തുറമുഖത്ത് മൂന്നു മാസത്തിനുള്ളില്‍ യാത്രാക്കപ്പലുകള്‍ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ തലത്തില്‍ നല്‍കിയിട്ടുണ്ട്. ഇമിഗ്രേഷന്‍ സംവിധാനം, സുരക്ഷാക്രമീകരണം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പോര്‍ട്ട് ഓഫിസറെ ചുമതലപ്പെടുത്തി. യാത്രാക്കപ്പലുകള്‍ തുറമുഖത്ത് എത്തുന്നതിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലക്ഷദ്വീപില്‍നിന്നുള്ള കപ്പലുകള്‍ കൊല്ലം തുറമുഖം വഴി സഞ്ചാരംനടത്തുന്നതിന് സന്നദ്ധവുമാണ്.
ഫ്ലോട്ടിങ് ഡോക്ക് ഉൾപ്പെടെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകവഴി ചരക്ക് കപ്പലുകളുടെ വരവും ഉറപ്പാക്കാനാകും. തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് സംബന്ധിച്ച് തുറമുഖ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം വിളിക്കും. ജില്ലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി വിനിയോഗിക്കുന്നതിന് അനുയോജ്യമായ പദ്ധതികള്‍ രൂപവത്കരിക്കാന്‍ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതികള്‍ തയാറാക്കണം.
ഉദ്യോഗസ്ഥതലത്തില്‍ ഇതിനായി അടിയന്തര നടപടി കൈക്കൊള്ളണം. തുടങ്ങിവെക്കുന്ന ജൈവവൈവിധ്യ പദ്ധതിയുടെ നിര്‍വഹണവും വേഗത്തിലാക്കണം.
കിഫ്ബി ഫണ്ട് വിനിയോഗിച്ച് ജില്ല ആശുപത്രിയില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. സമയബന്ധിത പൂര്‍ത്തീകരണത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്കി. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ പരിധിയിലുള്ള ജോലികളും കൃത്യതയോടെ നടപ്പാക്കണം.
തീരദേശ ഹൈവേയുടെ ഒന്നും രണ്ടും റീച്ചുകളുടെ നിര്‍മാണത്തിന് നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥതല ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എം. നൗഷാദ് എം.എല്‍.എ, കലക്ടര്‍ അഫ്സാന പര്‍വീണ്‍, സിറ്റി പൊലീസ് കമീഷണര്‍ മെറിന് ജോസഫ്, സബ് കലക്ടര്‍ മുകുന്ദ് ഠാകുര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.