കൊല്ലം റെയിൽവേ സ്റ്റേഷൻ മെമു ഷെഡ്; 24 കോടിയുടെ പദ്ധതിക്ക് കരാർ
text_fieldsകൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ മെമു ഷെഡ് നിർമാണത്തിനായി ദക്ഷിണ റയില്‍വേ 24 കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ നല്കി. 361 കോടി രൂപയുടെ സ്റ്റേഷന് പുനരുദ്ധാരണ സമഗ്രപദ്ധതിക്കും ദക്ഷിണ റെയില്‍വേ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും പുറമെയാണിത്. 18 മാസം കൊണ്ട് പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. 16 റേക്കുകളുള്ള മെമു ട്രെയിനുകള്‍ പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കുന്നത്. തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള 20 മെമു ട്രെയിനുകളുടെയും പരിശോധനയും അറ്റകുറ്റപ്പണികളും നടത്താനുള്ള സൗകര്യം സജ്ജമാക്കും. ഇതിനായി ഇന്സ്പെക്ഷന് ഷെഡ്, റിപ്പയര്‍ ഷെഡ്, വീല്‍ ലെയ്ത്ത് ഷെഡ്, സർവിസ് ചെയ്യുന്നതിനുള്ള കെട്ടിടം, വാഷിങ് പിറ്റ്, പാലത്തിന്റെ വിപുലീകരണം, ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക്, സബ് സ്റ്റേഷന് മാറ്റി സ്ഥാപിക്കല്‍ എന്നിവയാണ് പ്രധാന പ്രവൃത്തികള്‍. ഒരേ സമയം 16 റേക്കുകളുള്ള മെമു അറ്റകുറ്റപ്പണി ചെയ്യാന്‍ സൗകര്യമുണ്ടാകുന്നതോടെ മെമുവിന്റെ റേക്കുകളുടെ എണ്ണം വർധിപ്പിക്കാന്‍ കഴിയും. ഷെഡിന്റെ പ്രവര്‍ത്തനം കൊണ്ട് കൂടുതല്‍ മെമു സർവിസുകള്‍ കൊല്ലത്തുനിന്ന് ആരംഭിക്കാനാകും. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മെമു സർവിസ് ലഭിക്കുന്നതിനും പുതിയ പദ്ധതി ഗുണകരമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.