കൊല്ലം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsകൊല്ലം: അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷൻ 2025 ഡിസംബറില്‍ കമീഷന് ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കും. ദക്ഷിണ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം സി.എ.ഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച നടന്ന പരിശോധനക്കു ശേഷം ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കരാര്‍ വ്യവസ്ഥ പ്രകാരം 2026 ജനുവരി 21നാണ് നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, അതിവേഗത്തില്‍ നിർമാണം പുരോഗമിക്കുന്നതിനാലാണ് നേരത്തേ കമീഷൻ സാധ്യമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗോൾഡ് ലെവൽ എന്നത് മാറി പ്ലാറ്റിനം കാറ്റഗറിയിലാണ് നിർമാണം. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പ്രോജക്ട് ഏരിയ ക്ലിയറന്‍സ് അന്തിമഘട്ടത്തിലാണ്.
തെക്കുഭാഗത്തുള്ള ഒന്നാം ടെര്‍മിനല്‍ കെട്ടിടത്തിന് 55,000 ചതുശ്ര അടിയിൽ അഞ്ച് നിലകളാണുള്ളത്. കാത്തിരിപ്പ് കേന്ദ്രം, ലോഞ്ചുകള്‍, കമേഴ്സ്യല്‍ ഏരിയ എന്നിവയുണ്ടാകും. താഴത്തെനിലയില്‍ ശുചിമുറികള്‍, ക്ലോക്ക് റൂം, ബേബി കെയര്‍, ഹെല്പ് ഡെസ്ക്, കമേഴ്സ്യല്‍ ഔട്ട്ലെറ്റ്, കിയോസ്കുകള്‍ എന്നിവ ഒരുക്കും. രണ്ട് എസ്കലേറ്ററുകളും, എട്ട് ലിഫ്റ്റുകളും, ബാഗേജ് സ്കാനറും, കമ്പ്യൂട്ടറൈസ്ഡ് മള്‍ട്ടി എനർജി എക്സ്റേയും സ്ഥാപിക്കും.
വിമാനത്താവളങ്ങള്‍ക്കു സമാന സൗകര്യങ്ങളാണ് എയര്‍ കോണ്‍കോഴ്സില്‍ ഒരുക്കുന്നത്. നാല് എസ്കലേറ്ററുകളും നാല് ലിഫ്റ്റുകളും ഇവിടെ സ്ഥാപിക്കും. റസ്റ്റാറന്റുകള്‍, ഔട്ട്ലെറ്റുകള്, റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയും ഉണ്ടാകും. മാളിന് സമാന സൗകര്യമുള്ള കോണ്‍കോഴ്സില്‍ പൊതുജനങ്ങള്‍ക്കു പ്ലാറ്റ് ഫോം ടിക്കറ്റോ ടിക്കറ്റോ ഇല്ലാതെ പ്രവേശിക്കാം. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി അഞ്ചു നിലയിൽ മള്‍ട്ടി ലെവല്‍ കാര്‍ പാർക്കിങ് നിർമിക്കും. കാര്‍ പാർക്കിങ് സമുച്ചയത്തില്‍ രണ്ട് ലിഫ്റ്റുകള്‍ ഒരുക്കും. ഒരേ സമയം 239 ബൈക്കുകളും 150 കാറുകളും പാര്‍ക്ക് ചെയ്യാം. ഇതു കൂടാതെ, സര്‍ഫസ് ലെവല്‍ പാര്‍ക്കിങ്ങിനും സൗകര്യമൊരുക്കും.
കൊല്ലം ‘മെമ്മു ഹബ്ബ്’ ആകും
24 കോടി ചെലവില്‍ നിർമിക്കുന്ന മെമ്മു ഷെഡാണ് മറ്റൊരു പുതിയ സംരംഭം. കേരളത്തിലെ മെമ്മു ഹബ്ബായി കൊല്ലം മാറും. നാളിതുവരെ മെമ്മു ട്രെയിനുകളുടെ അറ്റകുറ്റപ്പണി ചെയ്തിരുന്നത് ഈറോഡിലാണ്. മെമ്മു ഹബ്ബ് വരുന്നതോടെ കൊല്ലത്തുനിന്ന് കൂടുതല്‍ മെമ്മു സർവിസുകള്‍ ആരംഭിക്കും. 2024 ഡിസംബറോടെ മെമ്മു ഷെഡിന്റെ നിർമാണം പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്
വിവിധോദ്ദേശ്യ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ്. റെയില്‍വേ ഡിവിഷന്റെ പരിശീലനം പൂർണമായും കൊല്ലത്ത് നടത്താന്‍ കഴിയും. അവലോകനയോഗത്തിലും പരിശോധനയിലും എന്‍.കെ. പ്രേമചന്ദ്രന് എം.പി, ദക്ഷിണ റെയില്‍വേ നിർമാണം കേരള മേധാവി ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ചന്ദ്രു പ്രകാശ്, പ്രോജക്ട് മാനേജ്മെന്റ് കണ്‍സൽട്ടന്റ് ദാമോദരന്‍, റൈറ്റ്സ് ടീം ലീഡര്‍ കെ. കരുണാനിധി, സതേണ്‍ റെയില്‍വേ എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ഷണ്മുഖം തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.