കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ടെർമിനലിലേക്ക് ‘നോ എൻട്രി’
text_fieldsകൊല്ലം: തീവണ്ടി യാത്രക്കാരുടെ വാഹന പ്രവേശനവും പാർക്കിങ്ങും റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരോധിച്ചത് യാത്രക്കാരെ വലയ്ക്കുന്നു. കൊല്ലം ക്രേവൻ സ്കൂളിന് എതിർവശത്തുള്ള റെയിൽവേയുടെ രണ്ടാം ടെർമിനലിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണ് വാഹന പാർക്കിങ്ങും പ്രവേശനവും കഴിഞ്ഞ നാലു ദിവസമായി നിരോധിച്ചിരിക്കുന്നത്. കെട്ടിട നിർമാണം നടക്കുന്നതിന്റെ പേരിലാണ് നിരോധനമെന്നാണ് മലയാളം ഒട്ടുമറിയാത്ത വാതിലിൽ ഡ്യൂട്ടിയുള്ള സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത്. പാർക്കിങ് ഏരിയയിൽനിന്ന് മാറിയാണ് കെട്ടിടം പണി നടക്കുന്നത്. കവാടത്തിലൂടെ വാഹനം കടത്തിവിട്ടാലോ പാർക്കിങ് അനുവദിച്ചാലോ കെട്ടിട നിർമാണ പ്രവർത്തനത്തിന് യാതൊരു തടസവും ഉണ്ടാവില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
കവാടത്തിൽ കയർ വലിച്ചുകെട്ടി കല്ലു നിരത്തി ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാൽനട യാത്രക്കാർക്കുപോലും കവാടം കടന്നുപോകാൻ ബുദ്ധിമുട്ടാണ്. നിരോധനം തുടങ്ങിയ വിവരമറിയാതെ വാഹനവുമായി എത്തുന്നവർ വലയുകയാണ്. തീവണ്ടി പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എത്തുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ഭാരമുള്ള വലിയ ബാഗും മറ്റു ലഗേജുകളുമായി എത്തുന്നവർ ‘നോ പാർക്കിങ്’ ബോർഡ് കണ്ട് ചിന്നക്കട മേൽപ്പാലം കറങ്ങി പ്രധാന വാതിലിൽ എത്തേണ്ട ഗതികേടിലാണ്. ഇതുകാരണം നടക്കാൻ പ്രയാസമുള്ളവരും അസുഖം ബാധിച്ചവരുമാണ് ഏറെ കഷ്ടപ്പെടുന്നത്. വാഹനം അകത്തേക്ക് പ്രവേശിപ്പിച്ചിരുന്ന സമയത്ത് കോണിപ്പടികളുടെ മുന്നിൽ വാഹനമിറങ്ങുന്നവർക്ക് എറണാകുളം റൂട്ടിലേക്കുള്ള പ്ലാറ്റ് ഫോമിൽ പോകാൻ എളുപ്പമായിരുന്നു. നിരോധനം വന്നതോടെ പ്രധാന വാതിലിൽ വാഹനമിറങ്ങി മറ്റ് പ്ലാറ്റ് ഫോമിലേക്ക് കറങ്ങി പോകണം.
മഴക്കാലം തുടങ്ങുന്നതോടെ വാഹനം പ്രവേശിക്കുന്നതും പാർക്കിങ് നിരോധനവും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കും. പാർക്കിങ് അനുവദിക്കാത്തതുകൊണ്ട് ഇരുചക്ര വാഹനക്കാർ വാഹനം ക്രേവൻ സ്കൂളിനോട് ചേർന്നുള്ള റോഡരികിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം റെയിൽവേയുടെ പ്രത്യേക അനുവാദം വാങ്ങി യാത്രക്കാരുമായി വരുന്ന സ്റ്റിക്കർ പതിച്ച ഓട്ടോറിക്ഷകളെ അകത്തേക്ക് കയറ്റിവിടുകയും അവിടെനിന്ന് തീവണ്ടിയിറങ്ങി വരുന്ന യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്.
ഇത് രണ്ടുതരം നീതിയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. വാഹന പ്രവേശനവും നിരോധനവും തുടങ്ങിയെങ്കിലും ദിവസങ്ങൾക്കുമുമ്പ് യാത്രക്കാർ വെച്ചിട്ടുള്ള മുപ്പതോളം ഇരുചക്ര വാഹനങ്ങളും മൂന്ന് കാറുകളും പാർക്കിങ് ഗ്രൗണ്ടിലുണ്ട്. നിരോധനം നീക്കണമെന്നും വാഹന പ്രവേശനവും പാർക്കിങ്ങും അടിയന്തരമായി അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.