കൊല്ലം താലൂക്ക് ഓഫിസിന് അഭിമാനിക്കാം, തീരമേഖലയിലെ കുടുംബങ്ങൾക്ക് പട്ടയമായി
text_fieldsകൊല്ലം: ചിതറയിൽ നടന്ന ജില്ലതല പട്ടയമേളയിൽ കൊല്ലം തീരദേശമേഖലയിൽ നിന്നുള്ള മത്സ്യതൊഴിലാളി കുടുംബങ്ങൾ സ്വന്തം ഭൂമിയുടെ അടയാളമായി പട്ടയം ഏറ്റുവാങ്ങിയപ്പോൾ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് കൊല്ലം താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് ആദ്യമായി വാതിൽപ്പടി പട്ടയം എന്ന ആശയം യാഥാർഥ്യമാക്കിയ കൊല്ലം താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നിസ്വാർഥ ശ്രമഫലമായാണ് 50 വർഷത്തോളമായി തീരമേഖലയിൽ താമസിച്ചുവന്ന കുടുംബങ്ങൾക്ക് പട്ടയം എന്ന സ്വപ്നം യാഥാർഥ്യമായത്.
താലൂക്ക് ഓഫിസ് പട്ടയവിഭാഗം ഉദ്യോഗസ്ഥർ സ്വമേധയാ രൂപീകരിച്ച പദ്ധതി പ്രകാരം പട്ടയത്തിന് അർഹതയുള്ളവരെ കണ്ടെത്തി അവരുടെ വാസസ്ഥലങ്ങളിലെത്തി അപേക്ഷയും രേഖകളും ശേഖരിക്കുകയും നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്തത്. ആളുകളെ ആരെയും പട്ടയത്തിനായി താലൂക്ക് ഓഫിസിൽ കയറിയിറങ്ങാൻ അനുവദിക്കാതെ പൂർണമായും ഉദ്യോഗസ്ഥർ ഫീൽഡിലിറങ്ങി നടത്തിയ മാതൃക പദ്ധതി വൻ വിജയമായി എന്നതിന്റെ അടയാളം കൂടിയാണ് പള്ളിത്തോട്ടം മുതല്‍ മുതാക്കര വരെയുള്ള തീരദേശ മേഖല നിവാസികളായ കുടുംബങ്ങൾക്ക് വെള്ളിയാഴ്ച സ്വന്തമായ പട്ടയം.
വാതില്‍പ്പടി പദ്ധതിയിലൂടെ ഉദ്യോഗസ്ഥർ കണ്ടെത്തിയവരാണ് ഇന്നലെ പട്ടയം ലഭിച്ച 82 മത്സ്യത്തൊഴിലാളി കുടുംബങ്ങളും. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിക്ക് ആധികാരിക രേഖയില്ലാത്ത മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കുക എന്നത് വെല്ലുവിളിയായി എടുത്താണ് ഉദ്യോഗസ്ഥർ ഇതിനായി നടപടികൾ നീക്കിയത്.
2021ൽ ആണ് വാതിൽപ്പടി പട്ടയം പദ്ധതി കൊല്ലം താലൂക്കിൽ അന്നത്തെ തഹസിൽദാറായിരുന്ന എസ്. ശശിധരൻപിള്ള, ഡെപ്യൂട്ടി തഹസിൽദാർ(പട്ടയം) ആയിരുന്ന സി. ദേവരാജൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചത്. മത്സ്യതൊഴിലാളി മേഖലയിലെ പ്രവർത്തനം തന്നെയായിരുന്നു വലിയ വെല്ലുവിളി. 150ഓളം അപേക്ഷകൾ ഈ മേഖലയിൽ എത്തി വാങ്ങിയിരുന്നു. അവയിൽ നൂറോളം അപേക്ഷകളിൽ അളവെടുപ്പ് ഉൾപ്പെടെ നടപടി മുന്നേറവേ, റോഡിനായി സ്ഥലമെടുപ്പ് എന്ന രീതിയിൽ ആളുകൾക്കിടയിൽ തെറ്റിദ്ധാരണ വരികയും പ്രതിഷേധമുയരുകയും ചെയ്തു.
ഇതിനെ തുടർന്ന് കൂടുതൽ അപേക്ഷകൾ സ്വീകരിക്കാതെ പദ്ധതി നിർത്തിവെക്കേണ്ടിവന്നു.
ഇപ്പോൾ 82 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചതോടെ തെറ്റിദ്ധാരണ മാറുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. താലൂക്കിന്റെ കീഴിൽ വരുന്ന തീരദേശ മേഖലയിൽ ഇനിയും 700ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുണ്ട് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇവർക്കും കൂടി പട്ടയം ലഭ്യമാക്കാൻ ഈ ചുവടുവെപ്പ് വഴിതുറക്കും എന്നാണ് പ്രതീക്ഷ.
കൊല്ലം ഈസ്റ്റ് വില്ലേജ് പരിധിയിലെ 15 കുടുംബങ്ങൾക്കും വാതിൽപ്പടിയിലൂടെ അനുവദിച്ച പട്ടയം കഴിഞ്ഞദിവസം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.