കൊല്ലം-തേനി ദേശീയപാത; അലൈൻമെന്റിന് അംഗീകാരം
text_fieldsകൊല്ലം: കൊല്ലം-തേനി ദേശീയപാത (183) നിർമാണത്തിനുള്ള അലൈൻമെന്റിന് അന്തിമ അംഗീകാരം. കൊല്ലം ബൈപാസിൽ കടവൂർ ഒറ്റക്കൽ മുതൽ ആലപ്പുഴ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 58 കിലോമീറ്റർ റോഡാണ് 24 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്. 16 മീറ്റർ വീതിയെന്ന തീരുമാനം മാറ്റിയാണ് 24 മീറ്ററായി അന്തിമ അംഗീകാരം നൽകിയത്.
ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും ഉണ്ടാവും. നാലുവരിപ്പാതയുടെ മധ്യത്തിൽ മീഡിയൻ ഉണ്ടാവും. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ദേശീയപാത അതോറിറ്റിയുടെ ഉന്നതതല യോഗത്തിലാണ് അന്തിമ അംഗീകാരം പ്രഖ്യാപിച്ചത്. ഒരുവർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കുന്നതിനായി ക്യാപ്പിറ്റൽ (3 എ) വിജഞാപനം ഉടൻ പ്രഖ്യാപിക്കും. രണ്ട് ജില്ലകളിൽനിന്ന് 75 ഹെക്ടർ ഭൂമിയാണ് ആകെ ആവശ്യം. അതിൽ നിലവിലെ റോഡും ഉൾപ്പെടും. റോഡ് കഴിച്ചുള്ള അധിക ഭൂമിയാണ് ഏറ്റെടുക്കുന്നത്. അത് 20 ഹെക്ടറിലധികം വരുമെന്നാണ് കണക്ക്.
3എ വിജ്ഞാപനത്തിന് പുറമേ ഭൂമിരാശി പോർട്ടിൽ അപ്ലോഡ് ചെയ്യുന്ന ഭൂമി സംബന്ധിച്ച് ഹിയറിങ്ങും പ്രധാനമാണ്. തുടർന്നാണ് അതിർത്തി നിർണയിച്ച് കല്ലിടൽ. അതുകഴിഞ്ഞാൽ ഭൂമി ഏറ്റെടുത്തുള്ള ത്രിഡി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതോടൊപ്പം കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ നഷ്ടപരിഹാരം നിർണയിക്കുകയും വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടി പൂർത്തീകരിക്കുകയും ചെയ്യും.
കടവൂർ, പെരിനാട്, അഞ്ചാലുംമൂട്, കുണ്ടറ, ഇളമ്പള്ളൂർ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, ചുനക്കര, കൊല്ലകടവ് വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ (എം.സി റോഡ്) എത്തുന്നതാണ് നിർദ്ദിഷ്ട അലൈൻമെന്റ്.
അടുത്ത സെക്ടറിൽ കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനിയിൽ പാത അവസാനിക്കും. അതിന്റെ വീതിയും മറ്റും നിശ്ചയിച്ചിട്ടില്ല. ഭരണിക്കാവ് ജങ്ഷനിൽ 640 മീറ്റർ നീളത്തിൽ ഫ്ലൈഓവർ നിർദേശിച്ചിരുന്നെങ്കിലും അത് വേണ്ടെന്ന് തീരുമാനിച്ചതായാണ് വിവരം.
നിർദിഷ്ട കൊല്ലം-തേനി ദേശീയപാതയിൽ പ്രതിദിനം ഇരുവശത്തേക്കും കടന്നുപോകുന്നത് ശരാശരി 10,000 വാഹനങ്ങളാണെന്നാണ് കണക്ക്.
നാല് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയപാത വിഭാഗം നടത്തിയ പി.സി.യു (പാസഞ്ചർ കാർ യൂനിറ്റ്) സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് രണ്ടുവരിപ്പാതക്ക് പകരം നാലുവരിപ്പാത നിർദേശിക്കപ്പെട്ടത്.
എസ്റ്റിമേറ്റ് ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കും’
കൊല്ലം: കൊല്ലം-തേനി ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് അടക്കമുള്ള കാര്യങ്ങളിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഹൈവേ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഒരു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ആണ് ദേശീയപാത അധികൃതർ ലക്ഷ്യമിടുന്നത്. കൊല്ലം കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ദൂരം ആദ്യ സ്ട്രെച്ചായും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ആലപ്പുഴ ജില്ലയിലെ ഭാഗം രണ്ടാമത്തെ സ്ട്രച്ചായും സമാന്തരമായിട്ടായിരിക്കും ഭൂമി ഏറ്റെടുക്കലും ഹൈവേ നവീകരണ പ്രവർത്തനങ്ങളും നടക്കുകയെന്ന് കൊടിക്കുന്നിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

