കൊല്ലം-തേനി ദേശീയപാത: അലൈൻമെന്റിൽ അന്തിമ തീരുമാനമായില്ല
text_fieldsകൊല്ലം: കൊല്ലം-തേനി ദേശീയപാത 183 വികസനത്തിന്റെ ഭാഗമായി പുതിയ അലൈൻമെന്റ് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. നിലവിൽ ഒരു ഡി.പി.ആർ നിലനിൽക്കെ ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ മറ്റൊരു നിർദേശം ജനപ്രതിനിധികൾ മുന്നോട്ട് വെച്ചിരുന്നു. കൊല്ലം ഹൈസ്കൂൾ ജങ്ഷനെ ഒഴിവാക്കി നിർദിഷ്ട ദേശീയപാത 183 ബൈപാസിൽ കടവൂർ ഒറ്റക്കൽ ജങ്ഷനിൽനിന്ന് ആരംഭിക്കുന്നതിലും അന്തിമ തീരുമാനമായില്ല.
ദേശീയപാത 66 കൊല്ലം നഗരത്തിൽനിന്ന് ബൈപാസിലേക്ക് ഗതിമാറിയതോടെയാണ് കൊല്ലം-തേനി പാതയുടെ ആരംഭം ഒറ്റക്കൽ ജങ്ഷനായി നിർദേശിച്ചത്. കുണ്ടറ, ചിറ്റുമല പ്രദേശങ്ങളെ ഒഴിവാക്കി പെരിനാട് റെയിൽവേ മേൽപാലത്തിൽനിന്ന് തിരിഞ്ഞ് ഗ്രീൻഫീൽഡിലൂടെ കടപുഴയിൽ എത്തുന്ന നിർദേശമാണ് ജനപ്രതിനിധികൾ മുന്നോട്ട് വെച്ചത്. പെരിനാട് ആർ.ഒ.ബി വഴി ദേശീയപാത ഗ്രീൻഫീൽഡിലേക്ക് തിരിയുന്നതോടെ കാഞ്ഞിരകോട് കായലിനു കുറുകെ കുമ്പളത്തും പടപ്പക്കരയിലും ഉൾപ്പെടെ മൂന്നുപാലം നിർമിക്കേണ്ടിവരും.
കൊല്ലം-തേനി പാത മറ്റൊരു ദേശീയപാതയിൽനിന്ന് ആരംഭിക്കണമെന്നതും പരമാവധി ജനവാസ മേഖലകളെ ഒഴിവാക്കി ഗ്രീൻഫീൽഡിലൂടെ നടപ്പാക്കണമെന്നതും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദേശമാണ്. ഗ്രീൻഫീൽഡിൽ 30 മീറ്ററിലും മറ്റിടങ്ങളിൽ 13,14,16 മീറ്റർ വീതിയിലുമാണ് വികസനം.
മാറ്റങ്ങൾ പ്രാവർത്തികമായാൽ കൊല്ലം-തേനി പാത കടവൂർ ഒറ്റക്കൽ, അഞ്ചാലുംമൂട്, പെരിനാട് ആർ.ഒ.ബി, കടപുഴ, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, കൊല്ലകടവ് വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ എത്തി കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം വഴി കുമളി വഴി തേനിയിൽ പ്രവേശിക്കും. കൊല്ലം മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയാണ് വികസനം.
നേരത്തെ കണക്കാക്കിയ 61 കിലോമീറ്റർ നീളത്തിലും കുറവുവരും. ആഞ്ഞിലിമൂട്-ഭരണിക്കാവ്, ഭരണിക്കാവ്-കൊല്ലം എന്നിങ്ങനെ രണ്ടു റീച്ചായാണ് നിർമാണം. ആഞ്ഞിലിമൂട്-ഭരണിക്കാവ് റീച്ചിന്റെ അലൈൻമെന്റ് സമർപ്പിച്ചിട്ടുണ്ട്. ഇരു റീച്ചിന്റെയും അലൈൻമെന്റ് അംഗീകരിച്ചാൽ വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കും.
ദേശീയപാതക്കായി എത്ര മീറ്റർ എടുക്കണം, ഏത് വഴി സ്വീകരിക്കണം എന്നതിലാണ് അന്തിമ തീരുമാനമാകേണ്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. പെരിനാട് ആർ.ഒ.ബി വരെ വീതി കൂട്ടാനും അത് കഴിഞ്ഞ് ഗ്രീൻഫീൽഡിലൂടെ ജനങ്ങൾക്ക് അധിക ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ബൈപാസ് ഓപ്ഷനുമാണ് ഉദ്ദേശിക്കുന്നത്. ദേശീയപാത കടന്ന് പോകുന്ന വഴി ഒഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരം കണക്കാക്കി വരുകയാണ്.
കടപുഴ പാലം ഉൾപ്പെടെ മൂന്ന് പാലത്തിനുള്ള നിർദേശമാണ് നൽകിയിട്ടുള്ളത്. അലൈൻമെൻറുമായി ബന്ധപ്പെട്ട് പുതുതായി ചേർത്ത നാലാമത്തെ ഒപ്ഷനാണ് പെരിനാട് ആർ.ഒ.ബി കഴിഞ്ഞ് ഇടത്തോട്ട് തിരിയുന്ന നിർദേശം. ഇവിടെ നിന്ന് വയലിൽ കൂടി ചിറ്റുമല ഇറക്കത്തിലെ പൊലീസ് സ്റ്റേഷൻ എത്തിയ ശേഷം അവിടെനിന്ന് അണ്ടർ പാസ് വഴി സ്റ്റേഷന്റെ പിന്നിലെ വയലിലൂടെ ഊക്കൻമുക്കിലും അവിടെ നിന്ന് നിലവിലെ പാതയിൽ ചേരുന്ന രീതിയിലാണ്. ഇതു വഴി ചെലവ് കുറയുമെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.